ഇതൊരു യഥാർത്ഥ സംഭവമാണ്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഡെന്മാർക്കിൽ നടന്ന സംഭവം. 1915നും 1920നും ഇടയിലായിരുന്നു അത് നടന്നത്. അന്നത്തെ ജീവിത സാഹചര്യങ്ങളുടെ സമ്മർദം മൂലം പ്രസവിച്ച ശേഷം എന്തുചെയ്യണമെന്നറിയാത്ത അമ്മമാരിൽ നിന്ന് ഒരു യുവതി കുഞ്ഞുങ്ങളെ വിലകൊടുത്തു വാങ്ങുന്നു. തങ്ങളുടെ കുഞ്ഞുങ്ങൾ നല്ല സൗകര്യത്തോടെ ജീവിക്കും എന്ന പ്രതീക്ഷയോടെയായിരുന്നു കോപ്പൺഹേഗണിൽ നിന്നുള്ള ഡാഗ്മർ ഓവർബൈ എന്ന യുവതിയുടെ കൈകളിലേക്ക് ആ അമ്മമാർ കുഞ്ഞുങ്ങളെ കൈമാറിയത്. എന്നാൽ, സംഭവിച്ചത് അങ്ങനെയായിരുന്നില്ല. ഓവർബൈ ആ കുഞ്ഞുങ്ങളെ വാങ്ങിയത് കൊല്ലാൻ വേണ്ടിയായിരുന്നു. അതെ, അവൾ ഒരു സീരിയൽ കില്ലറായിരുന്നു.
2024 ഐ.എഫ്.എഫ്.കെയിൽ ഏവരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദി ഗേൾ വിത്ത് ദി നീഡിൽ എന്ന സിനിമയുടെ കഥയ്ക്ക് അടിസ്ഥാനമായ യഥാർത്ഥ സംഭവങ്ങളുടെ ആകത്തുക മാത്രമാണ് ഇത്. ചിത്രത്തിന് അടിസ്ഥാനമായ ഈ യഥാർത്ഥ ജീവിത കഥ, ഡെന്മാർക്കിൽ വളരെ പ്രശസ്തമാണ്. കരോളിൻ എന്ന ഒരു ഫാക്ടറി വർക്കറും, അഡോപ്ഷൻ ഏജൻസി നടത്തുന്ന ഡാഗ്മർ എന്ന മധ്യവയസ്‌കയും തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഈ കഥ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.
സ്വീഡിഷ് സംവിധായകനും തിരക്കഥാകൃത്തുമായ മാഗ്നസ് വോൺ ഹോൺ ആണ് ദി ഗേൾ വിത്ത് ദി നീഡിലിന്റെ സംവിധായകൻ. മാഗ്നസ് വോണും ലൈൻ ലാൻജ്‌ബെക്കും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഹിസ്‌റ്റോറിക്കൽ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ എന്ന ജോണറിലാണ് ഈ ചിത്രം പെടുന്നത്. ഓവർബൈ എന്ന സീരിയൽ കില്ലറായ സ്ത്രീയെ 1921ൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ പിന്നീട് അത് ആജീവനാന്ത തടവ് ശിക്ഷയായി മാറ്റുകയായിരുന്നു. ഓവർബൈ ഡെൻമാർക്കിലെ പ്രശസ്തയായ സീരിയൽ കില്ലറാണ്. ചിത്രത്തിൽ ട്രൈൻ ഡിർഹോം എന്ന ഡാനിഷ് നടിയാണ് കേന്ദ്ര കഥാപാത്രമായ ഡാഗ്മർ ഓവർബൈയുടെ വേഷം ചെയ്യുന്നത്. വിക് കാർമെൻ സോണെ, ബെസിർ സെക്‌സീരി എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'fairy tale for grownups' എന്നാണ് സംവിധായകൻ മാഗ്നസ് വോൺ ദി ഗേൾ വിത്ത് ദ നീഡിലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സൈക്കോളജിക്കൽ ഹൊറർ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ മികച്ച ഒരു അനുഭവമായിരിക്കും.