MOVIES

ഐ.എഫ്.എഫ്.കെ 2024; മൂന്നാം ദിനം 67 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവ് ആന്‍ ഹുയിയുമായി സരസ്വതി നാഗരാജന്‍ നടത്തുന്ന സംഭാഷണമാണു മൂന്നാം ദിനത്തിലെ മറ്റൊരു ആകര്‍ഷണം

Author : ന്യൂസ് ഡെസ്ക്


29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം (ഞായറാഴ്ച) പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67 ചിത്രങ്ങളാണ്. വേള്‍ഡ് സിനിമ ടുഡേ വിഭാഗത്തില്‍ 23 ചിത്രങ്ങള്‍, അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങള്‍, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ നാലു ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങള്‍, മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങള്‍, ലൈഫ് ടൈം അച്ചീവ്മെന്റ് വിഭാഗത്തിലും ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലും ഒരോ ചിത്രങ്ങള്‍ എന്നിവയാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്.

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവ് ആന്‍ ഹുയിയുമായി സരസ്വതി നാഗരാജന്‍ നടത്തുന്ന സംഭാഷണമാണു മൂന്നാം ദിനത്തിലെ മറ്റൊരു ആകര്‍ഷണം. ഉച്ചക്ക് 2.30 മുതല്‍ 3.30 വരെ നിള തിയേറ്ററിലാണ് പരിപാടി. ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍ ജാക്വസ് ഒഡിയാഡിന്റെ 'എമിലിയ പെരേസ്' നാളെ (15 ഡിസംബര്‍) പ്രദര്‍ശിപ്പിക്കും. ഉച്ചക്ക് 12ന് ശ്രീപദ്മനാഭ തിയേറ്ററിലാണു സിനിമയുടെ പ്രദര്‍ശനം. മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളില്‍ ഒന്നായ ഫെമിനിച്ചി ഫാത്തിമ ഇന്ന് പ്രദര്‍ശിപ്പിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ശ്രീപദ്മനാഭ തീയേറ്ററിലാണ് പ്രദര്‍ശനം. അടിച്ചമര്‍ത്തലിനെതിരെയുള്ള വീട്ടമ്മയുടെ ചെറുത്തു നില്‍പ്പാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു കെനിയന്‍ ഗോത്രഗാനത്തിന്റെ പിന്നിലുള്ള ചരിത്രം അന്വേഷിക്കുന്ന കഥ പറയുന്ന ജിതിന്‍ ഐസക് തോമസിന്റെ പാത്ത് മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 6.15ന് ശ്രീ തീയേറ്ററിലാണ് പ്രദര്‍ശനം. വേള്‍ഡ് സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയായ ക്വീര്‍ 1960ല്‍ മെക്സിക്കോയില്‍ രണ്ട് പുരുഷന്മാര്‍ക്കിടയിലുരുത്തിരിഞ്ഞ പ്രണയത്തിന്റെ കഥ പറയുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം അജന്താ തിയേറ്ററില്‍ രാവിലെ 9.30ന് നടക്കും. മെമ്മറിസ് ഓഫ് എ ബേണിംഗ് ബോഡി, മാലു, ഭാഗ്ജ്ജന്‍, കാമദേവന്‍ നക്ഷത്രം കണ്ടു തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങളും നാളെ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

SCROLL FOR NEXT