എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്ത് വിട്ട് ഐഎംഡിബി. 250 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. നാളിതുവരെയുള്ള എല്ലാ ഇന്ത്യൻ സിനിമ റിലീസുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ 5 മലയാളം ചിത്രങ്ങളാണ് പട്ടികയിലെ ആദ്യ 20 ൽ ഇടം പിടിച്ചിട്ടുള്ളത്.
മണിച്ചിത്രത്താഴ്, കുമ്പളങ്ങി നൈറ്റ്സ്, ഹോം, കിരീടം, സന്ദേശം എന്നിവയാണ് ആദ്യ 20 ൽ സ്ഥാനം പിടിച്ച മലയാള ചിത്രങ്ങൾ. അതേസമയം, വിക്രാന്ത് മാസി നായകനായ ട്വൽത്ത് ഫെയിൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്‌തത്.
വിജയ് സേതുപതിയുടെ മഹാരാജ, കാന്താര, കിരൺ റാവുവിൻ്റെ ലാപതാ ലേഡീസ് തുടങ്ങിയ സമകാലിക സിനിമകളും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 1955-ൽ പുറത്തിറങ്ങിയ സത്യജിത് റേയുടെ ക്ലാസിക് ചിത്രം പഥേർ പാഞ്ചാലിയാണ് ആദ്യകാല സിനിമകളിൽ നിന്നും പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ആമിർഖാന്റെ 3 ഇഡിയറ്റ്‌സ്, താരേ സമീൻ പർ, ദംഗൽ എന്നിങ്ങനെ മൂന്നുചിത്രങ്ങളും ആദ്യത്തെ ഇരുപതിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംവിധായകൻ മണി രത്നത്തിന്റെ ഏഴു ചിത്രങ്ങളാണ് പട്ടികയിലുള്ളത്. അനുരാഗ് കശ്യപിന്‍റേതായി ആറു ചിത്രങ്ങളും പട്ടികയിലുണ്ട്. ദൃശ്യം, മുന്ന ഭായ് എം.ബി.ബി.എസ്, ജിഗർതണ്ട, കെ.ജി.എഫ്, ബാഹുബലി: ദി ബിഗിനിംഗ് എന്നീ ചിത്രങ്ങളും അവയുടെ രണ്ടാം ഭാഗവും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.