MOVIES

'50 വര്‍ഷത്തെ കരിയറില്‍ അങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ല'; രജനീകാന്ത്

രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഒരിക്കല്‍ കൂടി പടയപ്പയോട് ഏറ്റുമുട്ടാന്‍ എത്തുന്നു

Author : ന്യൂസ് ഡെസ്ക്

26 വര്‍ഷങ്ങള്‍ക്കു ശേഷം പടയപ്പ വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്. രജനീകാന്തിന്റെ 75-ാം ജന്മദിനമായ ഡിസംബര്‍ 12 നാണ് പടയപ്പയുടെ റീ റിലീസ്. റീ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രജനീകാന്ത് ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

അതിനൊപ്പം മറ്റൊരു സര്‍പ്രൈസ് കൂടി രജനീകാന്ത് ആരാധകര്‍ക്കായി കാത്ത് സൂക്ഷിച്ചിരുന്നു. അതേ, പടയപ്പയ്ക്ക് രണ്ടാം ഭാഗം വരുന്നു... നീലാംബരിയും പടയപ്പയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരികയാണ്.

പടയപ്പയോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്ത് നീലാംബരി മരിക്കുന്നതാണ് ആദ്യ സിനിമയുടെ ക്ലൈമാക്‌സ്. രണ്ടാം ഭാഗത്തിന് നീലാംബരി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഒരിക്കല്‍ കൂടി പടയപ്പയോട് ഏറ്റുമുട്ടാന്‍ എത്തുന്നു എന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

37 മിനുട്ടുള്ള വീഡിയോ ആണ് രജനീകാന്ത് പങ്കുവെച്ചത്. വീഡിയോയില്‍ പടയപ്പയെ കുറിച്ചും ചിത്രീകരണ സമയത്തെ ഓര്‍മകളുമാണ് താരം പങ്കുവെച്ചത്. 26 വര്‍ഷങ്ങള്‍ക്കു മുമ്പ് പടയപ്പയുണ്ടാക്കിയ ഓളം ഇന്നും തനിക്ക് ആവേശമുണ്ടാക്കുന്നതാണെന്ന് താരം പറയുന്നു.

തന്റെ അമ്പത് വര്‍ഷത്തെ കരിയറില്‍ സ്ത്രീകള്‍ ഗേറ്റ് പൊളിച്ച് ഒരു സിനിമ കാണാന്‍ എത്തുന്നത് കണ്ടത് പടയപ്പയ്ക്കു വേണ്ടിയാണെന്ന് താരം പറയുന്നു. ഇതിനു ശേഷമാണ് പടയപ്പയുടെ രണ്ടാം ഭാഗത്തെ കുറിച്ച് താരം പറഞ്ഞത്.

റോബോയ്ക്കും ജയ്‌ലറിനുമെല്ലാം രണ്ടാം ഭാഗം വന്നപ്പോള്‍ എന്തുകൊണ്ട് പടയപ്പയ്ക്ക് ഒരു രണ്ടാം ഭാഗം ആയിക്കൂടാ എന്ന് തോന്നി. സിനിമയുടെ പേര് 'നീലാംബരി: പടയപ്പ 2 എന്നായിരിക്കും. കഥയുടെ ചര്‍ച്ചകള്‍ നടക്കുകയാണ്. പടയപ്പയെ പോലെ നല്ലൊരു കഥ വന്നാല്‍ നീലാംബരി ഉണ്ടാകും. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടും. അതിനുള്ള ശ്രമത്തിലാണ്.

തന്റെ സിനിമാ ജീവിതത്തിന്റെ 25ാം വര്‍ഷത്തിലാണ് പടയപ്പ റിലീസ് ആകുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അങ്ങനെയൊരു സിനിമ ചെയ്യാനായതില്‍ സന്തോഷമുണ്ട്. സിനിമയുടെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിട്ടുകൊടുത്തിരുന്നില്ല. സണ്‍ പിക്‌ചേഴ്‌സിന് മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയുള്ളത്. പടയപ്പ തിയേറ്ററില്‍ ആസ്വദിക്കാനുള്ള സിനിമയാണ്. 25 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പിറന്നാള്‍ ദിവസം വീണ്ടും ആ സിനിമ തിയേറ്ററിലേക്ക് വരികയാണ്.

ശിവാജി ഗണേഷന്റെ അവസാന ചിത്രങ്ങളിലൊന്നായിരുന്നു പടയപ്പ. രജനീകാന്തിന്റെ കഥാപാത്രമായ ആറ് പടയപ്പയുടെ അച്ഛന്‍ ധര്‍മലിംഗം എന്ന കഥാപാത്രത്തെയാണ് ശിവാജി ഗണേഷന്‍ അവതരിപ്പിച്ചത്. സൗന്ദര്യയായിരുന്നു ചിത്രത്തിലെ നായിക. വസുന്ധര എന്ന കഥാപാത്രത്തെയാണ് സൗന്ദര്യ അവതരിപ്പിച്ചത്. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരിയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. പടയപ്പയ്ക്ക് ഒപ്പം നില്‍ക്കുന്ന നീലാംബരിയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

സിനിമയുടെ രണ്ടാം ഭാഗം എന്ന വാര്‍ത്ത വന്നതിനു പിന്നാലെ നീലാംബരിയുടെ ഡയലോഗുകളും സിനിമയിലെ പാട്ടുകളും വീണ്ടും വൈറലായിരിക്കുകയാണ്.

SCROLL FOR NEXT