തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ് സൂര്യ. പലതരത്തിലുള്ള കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന നടനും കൂടിയാണ് സൂര്യ. അടുത്തിടെ സൂര്യയുടേതായി ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിലെ 'റോളക്സ്'. വില്ലൻ കഥാപാത്രമാണെങ്കിലും റോളെക്സിന് കിട്ടിയ ജനപ്രീതി ചെറുതൊന്നുമല്ല. തമിഴ് നാട്ടിൽ മാത്രമല്ല ഇങ്ങ് കേരളത്തിൽ വരെ റോളക്സ് കഥാപാത്രം ചർച്ച ചെയ്യപ്പെട്ടു.
എന്നാൽ, ഇപ്പോഴിതാ നടനും സൂര്യയുടെ സഹോദരനുമായ കാർത്തി, റോളക്സ് എന്ന കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മെയ്യഴകൻ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാർത്തി രസകരമായ പ്രതികരണം നടത്തിയിരിക്കുന്നത്.
"വിക്രമിൽ റോളക്സ് എന്ന കഥാപാത്രം ചെയ്യുന്നതിനെ കുറിച്ച് സൂര്യ എന്നോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ലീക്കായ ഫുറ്റേജ് കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്‌ക്രീനിൽ റോളക്സ് ആയി കണ്ടപ്പോൾ അത്ഭുതം തോന്നി. മ്യൂസിക്കിനൊപ്പം ആ സ്പീക്കർ തൂക്കി നടന്നു വരുന്ന ഷോട്ടുകൾ ഗംഭീരമായിരുന്നു. നിങ്ങളാണ് അദ്ദേഹത്തിന്റെ ആ വശം കാണാത്തത്. ഞാൻ ചെറുപ്പം മുതലെ ഇത് കാണാൻ തുടങ്ങിയതാണ്. അവൻ അത്രയും വലിയ 'വില്ലൻ' ആണെന്നുള്ള കാര്യം എനിക്ക് മാത്രമല്ലെ അറിയു. അതുകൊണ്ട് എനിക്ക് ആശ്ചര്യം തോന്നിയില്ല". കാർത്തി പറഞ്ഞു.
സി. പ്രേം കുമാർ സംവിധാനം ചെയ്യുന്ന മെയ്യഴകൻ എന്ന ചിത്രമാണ് കാർത്തിയുടേതായി വരാനിരിക്കുന്ന ചിത്രം. കാർത്തിയോടൊപ്പം, അരവിന്ദ് സ്വാമിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുര്യയുടെയും ജ്യോതികയുടെയും നിർമാണ കമ്പനിയായ 2 ഡി എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രത്തിന്റെ നിർമാണം.