ജാഫർ പനാഹി 
MOVIES

"നമ്മൾ എന്ത് ചെയ്യണമെന്ന് പറയാൻ ആർക്കും അവകാശമില്ല"; ഇറാനിയന്‍ സംവിധായകന്‍ ജാഫർ പനാഹിക്ക് പാം ഡി ഓർ

പനാഹിയുടെ ജയിൽ അനുഭവങ്ങളാണ് 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' എന്ന സിനിമയുടെ പ്രചോദനം

Author : ന്യൂസ് ഡെസ്ക്

വിഖ്യാത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ റിവൻജ് ത്രില്ലർ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ്' എന്ന ചിത്രത്തിന് 78-ാം കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം. മേളയുടെ സമാപന ചടങ്ങിൽ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഹോളിവുഡ് അഭിനേത്രിയും നിർമാതാവുമായ കേറ്റ് ബ്ലാഞ്ചെറ്റ് പനാഹിക്ക് പുരസ്കാരം സമ്മാനിച്ചു.



തന്റെ രാജ്യത്തെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനമെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ജാഫർ പനാഹി പറഞ്ഞു. "നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. നമ്മൾ ഏതുതരം വസ്ത്രം ധരിക്കണം, എന്തുചെയ്യണം, എന്തുചെയ്യരുത് എന്ന് ആരും നമ്മോട് പറയാൻ ധൈര്യപ്പെടരുത്. സിനിമ ഒരു സമൂഹമാണ്. നമ്മൾ എന്ത് ചെയ്യണമെന്നോ ചെയ്യാതിരിക്കണമെന്നോ പറയാൻ ആർക്കും അവകാശമില്ല," പനാഹി പറഞ്ഞു.


ഇറാൻ സർക്കാരിന്റെ യാത്രാവിലക്കും തടവും മറികടന്നാണ് ജാഫർ പനാഹി തന്റെ സിനിമകൾ നിർമിച്ചത്. പനാഹിയുടെ ജയിൽ അനുഭവങ്ങളാണ് 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' എന്ന സിനിമയുടെ പ്രചോദനം. മുൻ തടവുകാരുടെ ഒരു സംഘം ജയിലിൽ തങ്ങളെ ഭയപ്പെടുത്തിയ ആളെ വീണ്ടും കണ്ടുമുട്ടുന്നതും അയാളെ കൊല്ലണോ വേണ്ടയോ എന്ന് ചിന്തിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.



2010ൽ ഗ്രീൻ മൂവ്‌മെന്റ് പ്രതിഷേധത്തിൽ കൊല്ലപ്പെട്ട ഒരു വിദ്യാർഥിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിനാണ് ഇറാൻ സർക്കാർ പനാഹിയെ അറസ്റ്റ് ചെയ്തത്. ആറ് വർഷം തടവാണ് കോടതി സംവിധായകന് വിധിച്ചത്. ജയിലിലായി രണ്ട് മാസങ്ങൾക്ക് ശേഷം ഉപാധികളോടെയാണ് പനാഹിക്ക് ജാമ്യം ലഭിച്ചത്. 12 വർഷം യാത്രകൾക്കും സിനിമകൾ നിർമിക്കുന്നതിനും വിലക്കുന്നതായിരുന്നു ജാമ്യോപാധി. 2010ലെ കാൻസ് ചലച്ചിത്രമേളയിൽ ഇത്തവണത്തെ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന പനാഹിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2022 ജൂൺ 11ന് ജാഫർ പനാഹി അപ്രതീക്ഷിതമായി വീണ്ടും അറസ്റ്റിലായി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. കുപ്രസിദ്ധമായ എവിന്‍ തടവറയിലായിരുന്നു ജയില്‍വാസം. പനാഹിക്ക് ഒപ്പം സംവിധായകരായ മഹമ്മൂദ് റസൂലോഫും മുസ്തഫ ആല്‍ അഹ്മദും ജയിലിലായിരുന്നു. ഒടുവിൽ 2023ൽ നിരാഹാരം കിടന്നാണ് പനാഹി മോചനം നേടിയത്.

SCROLL FOR NEXT