റോന്ത്, നായാട്ട് പോസ്റ്ററുകള്‍ Source : X
MOVIES

'നായാട്ട് 2' വരുമോ? ചര്‍ച്ചയായി റോന്തിന്റെ ക്ലൈമാക്‌സ്

റിലീസിന് പിന്നാലെ ചിത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. യോഹന്നാനും ദിന്‍നാഥനും കടന്ന് പോകുന്ന തീവ്ര വൈകാരിക നിമിഷങ്ങളിലൂടെയുള്ള 'റോന്ത്' പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

'ഇലവീഴാപൂഞ്ചിറയ്ക്ക്' ശേഷം മറ്റൊരു പൊലീസ് കഥയുമായി സംവിധായകന്‍ ഷാഹി കബീര്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. ഇത്തവണ 'റോന്തു'മായാണ് ഷാഹി കബീര്‍ എത്തിയിരിക്കുന്നത്. ജൂണ്‍ 13ന് തിയേറ്ററിലെത്തിയ ചിത്രത്തില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ട് പൊലീസുകാരോടൊപ്പം പട്രോളിംഗ് ജീപ്പില്‍ ഒരു ദിവസം പ്രേക്ഷകരെ കൊണ്ടു പോവുകയാണ് സിനിമയിലൂടെ ഷാഹി കബീര്‍.

റിലീസിന് പിന്നാലെ ചിത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. യോഹന്നാനും ദിന്‍നാഥനും കടന്ന് പോകുന്ന തീവ്ര വൈകാരിക നിമിഷങ്ങളിലൂടെയുള്ള 'റോന്ത്' പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

'നായാട്ട് 2' ഉണ്ടാകുമോ?

സമൂഹമാധ്യമത്തില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് വലിയ രീതിയില്‍ ചര്‍ച്ചയാവുന്നുണ്ട്. 'നായാട്ട് 2' ഉറപ്പിക്കും വിധമാണ് ചിത്രം അവസാനിച്ചിരിക്കുന്നതെന്നാണ് ഒരു കൂട്ടം പറയുന്നത്. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത 'നായാട്ടിന്റെ' തിരക്കഥ ഷാഹി കബീര്‍ ആയിരുന്നു. പ്രേക്ഷകരെ വേട്ടയാടിയ ഒരു പൊലീസ് ഡ്രാമയായിരുന്നു 'നായാട്ട്'. ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. മലയാള സിനിമയിലെ പൊലീസ് ഡ്രാമകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമായും 'നായാട്ട്' മാറി. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുന്നുവെന്ന സൂചനകള്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

നായാട്ട് പോസ്റ്റർ

പക്ഷെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നിരുന്നാലും 'റോന്തിന്റെ' ക്ലൈമാക്‌സിന് 'നായാട്ടിന്റെ' കഥയുമായി സാമ്യമുണ്ടെന്ന തരത്തിലാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഷാഹി കബീര്‍ 'നായാട്ട് 2' വന്നാല്‍ എങ്ങനെയായിരിക്കും അതിന്റെ കഥ എന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു.

"നായാട്ട് ഒരു പൊളിറ്റിക്കല്‍ പടം തന്നെയാണല്ലോ. against state എന്നുള്ളതാണ്. അപ്പോള്‍ അവര്‍ ഇനി ട്രയലിന് പോയാല്‍ എന്ത് സംഭവിക്കുമെന്നുള്ള ചിന്തകളുണ്ട്. കോടതിയില്‍ ചെന്നാല്‍ എന്തായിരിക്കുമെന്ന രീതിയിലുള്ള ആലോചനകളുണ്ട്. ഒരു കോര്‍ട്ട് റൂം ഡ്രാമയായി അടുത്ത നായാട്ടിനെ വേണമെങ്കില്‍ കാണാം", എന്നാണ് ഷാഹി കബീര്‍ പറഞ്ഞത്. എന്തായാലും വ്യത്യസ്തമായ പൊലീസ് കഥകള്‍ തീര്‍ച്ചയായും ഇനിയും ഷാഹിയില്‍ നിന്നും പ്രതീക്ഷിക്കാമെന്ന ഉറപ്പ് തന്നെയാണ് അദ്ദേഹം ഇതിലൂടെ തന്നിരിക്കുന്നത്.

കനത്ത മഴയിലും തളരാതെ 'റോന്ത്'

'റോന്ത്' പ്രേക്ഷകരിലേക്ക് എത്തിയത് കനത്ത മഴയ്ക്കിടയിലാണ്. പക്ഷെ ഷാഹി കബീര്‍ എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും പൊലീസ് കഥ കാണാന്‍ മഴയെ അവഗണിച്ചും പ്രേക്ഷകര്‍ തിയേറ്ററിലെത്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റോന്തിനൊപ്പം തിയേറ്ററിലെത്തിയ മറ്റൊരു ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാതികള്‍'. ബോക്‌സ് ഓഫീസ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 'റോന്ത്' തന്നെയാണ് മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 65 ലക്ഷം ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 'റോന്ത്' കളക്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. 'വ്യസനസമേതം ബന്ധുമിത്രാതികള്‍' 34 ലക്ഷമാണ് നേടിയത്. അതോടൊപ്പം ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ കൊണ്ട് 'റോന്തി'ന്റെ 22,000 ടികറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതൊരു നല്ല തുടക്കമാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റോന്ത് പോസ്റ്റർ

എപ്പോഴും പോലെ തന്നെ ഷാഹി കബീറിന്റെ തിരക്കഥയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 'ജോസഫ്' എന്ന ജോജു ജോര്‍ജ് ചിത്രമാണ് ആദ്യമായി ഷാഹി തിരക്കഥയെഴുതുന്ന ചിത്രം. മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു 'ജോസഫ്'. അതിന് ശേഷം എഴുത്തുകാരനായി എത്തിയ ഷാഹി കബീര്‍ പ്രേക്ഷകര്‍ക്ക് 'നായാട്ട്' സമ്മാനിച്ചു. പിന്നീട് കുഞ്ചാക്കോ ബോബന്റെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എഴുതി. ആ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. 'ഇലവിഴപൂഞ്ചിറ'യിലൂടെ സംവിധായകനായി എത്തിയ അദ്ദേഹം 'റോന്തി'ലൂടെ വീണ്ടും സംവിധായകനും തിരക്കഥാകൃത്തുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഷാഹി കബീർ

വ്യത്യസ്ത തരത്തിലുള്ള പൊലീസ് കഥകള്‍ കൊമേഷ്യല്‍ എലമെന്റില്ലാതെയാണ് ഷാഹി എഴുതുന്നത്. 'എന്റെ പൊലീസ് മാസ് അല്ല, മനുഷ്യനാണ്' എന്ന് ഷാഹി കബീര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പൊലീസ് ജീവിതത്തിന്റെ പച്ചയായ നേര്‍ക്കാഴ്ച്ചയും അവിടെ നടക്കുന്ന ചൂഷണങ്ങളും എല്ലാം ഷാഹിയുടെ കഥകളിലൂടെ പ്രേക്ഷകര്‍ കണ്ടു. 'നായാട്ടി'ല്‍ നിന്ന് 'റോന്തി'ല്‍ എത്തി നില്‍ക്കുമ്പോഴും അയാള്‍ ആ പതിവ് തുടരുകയാണ്.

SCROLL FOR NEXT