നിത്യഹരിതഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം. ആസ്വാദകരുടെ ചുണ്ടിൽ മൂളാൻ പാട്ടുകളുടെ ഒരു സാഗരം തന്നെ ബാക്കി വെച്ചാണ് എസ്.പി.ബി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല, പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല, സംഗീത പാരമ്പര്യവുമില്ല. എന്നിട്ടും എസ്.പി.ബിയുടെ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ ഹൃദയങ്ങളിലാണ് വന്നു വീണത്. മറ്റൊരു ഗായകനും പാടിത്തീർക്കാനാവാത്ത വിധം ഗാനങ്ങൾ തൻ്റെ ആസ്വാദക ലോകത്തിനായി അദ്ദേഹം ഒരുക്കിവെച്ചിരുന്നു.
മണ്ണിൽ ഇന്ത കാതൽ, ഇളയനിലാ പൊഴികിറതേ.. കാട്ടുക്കുയില് മനസുക്കുള്ളെ, ശങ്കരാ നാദശരീരാ പരാ, മലരേ മൗനമാ, കാതൽ റോജാവേ, സുന്ദരി കണ്ണാൽ ഒരു സെയ്തി എന്നിങ്ങനെ ആ സ്വരമാധുര്യത്തിൽ ഇന്നും ജീവസുറ്റ് നിൽക്കുന്ന ഗാനങ്ങൾ ഏറെയാണ്. എന്നാൽ അത് തമിഴ് മൊഴിയിൽ മാത്രമായിരുന്നില്ല. തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ.
ALSO READ: അവൻ അത്രയും വലിയ 'വില്ലൻ' ആണെന്നുള്ള കാര്യം എനിക്ക് മാത്രമല്ലെ അറിയു: സൂര്യയുടെ റോളെക്സിനെ കുറിച്ച് കാർത്തി
മാസ്മരിക ശബ്ദത്താൽ സംഗീതപ്രേമികളുടെ മനസ്സു കവർന്നപ്പോഴും ഗായകൻ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാവുന്ന വ്യക്തിത്വമായിരുന്നില്ല അത്. സംഗീത സംവിധായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ സകലകലാവല്ലഭൻ. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്ത് 1946 ലായിരുന്നു ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്.പിബിയുടെ ജനനം.
1966-ൽ 'ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ' എന്ന തെലുങ്ക് ചിത്രത്തിൽ പാടിയായിരുന്നു തുടക്കം. നാലു ഭാഷകളിലായി ആറു ദേശീയ പുരസ്കാരങ്ങൾ. ആന്ധ്ര പ്രദേശ് സർക്കാരിൻ്റെ നന്ദി അവാർഡ് 25 തവണ. തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണിയും കേരള സർക്കാരിൻ്റെ ഹരിവരാസനവും കർണാടക സർക്കാരിൻ്റെ കർണാടക രാജ്യോൽസവ പുരസ്കാരവും നേടി പാട്ടിൻ്റെ പാലാഴിയായി ആ ഗന്ധർവ സംഗീതം. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകിയാണ് ആ സംഗീതധാരയെ ആദരിച്ചതും.
1981 ഫെബ്രുവരി എട്ടിന്, രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയുള്ള സമയത്ത്, 21 പാട്ട് റെക്കോർഡ് ചെയ്തും എസ് പി ബി അത്ഭുതം സൃഷ്ടിച്ചു. മറ്റൊരു ദിവസം 19 പാട്ടുകളും പിന്നീടൊരിക്കൽ 16 ഹിന്ദി പാട്ടുകളും പാടി റെക്കോർഡ് ചെയ്ത് സംഗീത പ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചു. ചിട്ടപ്പെടുത്തി വെച്ച പാട്ടുകളെ അതിരു കടത്തി മനോധര്‍മ്മത്തിലേക്ക് വിരിയിക്കുമ്പോഴും ശ്രുതി വ്യതിചലിക്കാതെ, താളം മാറിപ്പോകാതെ കൃത്യമായി ഓര്‍ക്കസ്ട്രയ്ക്കൊപ്പം പാടി അരങ്ങ് തകർത്തു.
ബട്ടർ ഫ്ലൈസിലെ പാൽ നിലാവിലെ, അനശ്വരത്തിലെ താരാപഥം, സർപ്പത്തിലെ സ്വർണമീനിൻ്റെ ചേലൊത്ത, ഗാന്ധർവത്തിലെ നെഞ്ചിൽ കഞ്ചബാണം, റാംജിറാവിലെ കളിക്കളം...അങ്ങനെ മലയാളത്തിലും പാടി നൂറോളം ഗാനങ്ങൾ. ശബ്ദസൗകുമാര്യം നഷ്ടപ്പെടുമെന്ന് പലരും പേടിച്ചിടത്ത് അലറി വിളിച്ചു പാടുന്ന എസ്.പിയിൽ ഒരു രാവണനെ തന്നെ ആസ്വാദകർ കണ്ടു.
സഹജീവി സ്നേഹം സംഗീത വഴിത്താരയിലും അദ്ദേഹം പുലർത്തി. പറഞ്ഞു പഴകിയ കഥയാണെങ്കിലും, തൻ്റെ സ്റ്റൈൽ അനുകരിച്ചെത്തിയ മനോ എന്ന ഗായകൻ്റെ ഉദയവും വിജയവും, ബാലസുബ്രഹ്മണ്യം എന്ന വ്യക്തിയുടെ വഴി മാറിക്കൊടുക്കലിൻ്റെ മനോഹാരിതയായി മാത്രമേ ഓർമിക്കാനാവൂ. പെയ്തൊഴിയാത്ത മഴപോലെയാണ് എസ്.പി ബിയുടെ ഗാനങ്ങൾ. അത് ഇടമുറിയാതെ സംഗീതാസ്വദാകരുള്ള കാലത്തോളം പെയ്തുകൊണ്ടിരിക്കും.