ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപോർട്ടുകൾ. ചിത്രം ഒരു ക്രൈം ത്രില്ലർ ആയിരിക്കുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം ആരംഭിക്കുമെന്നും മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നടൻ വിനായകൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. അതേസമയം, പേരിടാത്ത ഈ ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനായാണ് എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
ചിത്രം രണ്ട് ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിലെ നാഗർകോവിലിൽ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. എന്നാൽ, മമ്മൂട്ടി ചിത്രത്തിൻ്റെ നാഗർകോവിൽ ഷെഡ്യൂളിൻ്റെ ഭാഗമല്ലെന്നും, 2024 ഒക്‌ടോബർ രണ്ടാം വാരത്തോടെ മാത്രമേ മെഗാസ്റ്റാർ ചിത്രീകരണത്തിൽ ജോയിൻ ചെയ്യുകയുള്ളൂവെന്നാണ് റിപ്പോർട്ട്. അതേസമയം, ചിത്രം റോളിംഗ് ആരംഭിച്ച് കഴിഞ്ഞാൽ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ മറ്റ് അഭിനേതാക്കളെ കുറിച്ച് ടീം ഇതുവരെ തീരുമാനിച്ചിട്ടില്ല.
കണ്ണൂർ സ്‌ക്വാഡിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രശസ്ത ഛായാഗ്രാഹകൻ റോബി വർഗീസ് രാജാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകൻ എന്നാണ് റിപ്പോർട്ട്. സുഷിന് ശ്യാം ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2025 ൻ്റെ ആദ്യ പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.