MOVIES

മാര്‍ക്കോയിലേക്കാള്‍ ക്രൂരനായ വില്ലനാവാനാണ് താല്‍പര്യം: ജഗദീഷ്

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ് ജഗദീഷിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം

Author : ന്യൂസ് ഡെസ്ക്


ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ക്കോ. മാര്‍ക്കോയില്‍ നടന്‍ ജഗദീഷും പ്രധാന കഥാപാത്രമായിരുന്നു. ടോണി ഐസക് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിച്ചത്. ടോണി എന്ന കഥാപാത്രം തനിക്ക് തന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹനീഫ് അദേനിക്കാണെന്ന് ജഗദീഷ് പറഞ്ഞു. ടോണിയേക്കാള്‍ ക്രൂരനായ വില്ലന്‍ കഥാപാത്രം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയോട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'എന്നെ ടോണി ഐസക് എന്ന കഥാപാത്രമായി തിരഞ്ഞെടുത്തതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ ഹനീഫ് അദേനിക്കാണ്. എനിക്ക് ആ കഥാപാത്രം തന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം അത്തരമൊരു റോള്‍ എനിക്ക് തരാന്‍ അധികം സംവിധായകര്‍ ധൈര്യപ്പെടില്ല. പക്ഷെ ഹനീഫിന് ഉറപ്പായിരുന്നു ഞാന്‍ അത് ചെയ്യുമെന്ന്. അദ്ദേഹത്തിന് വേണ്ടത് പോലെ തന്നെ ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ഹനീഫിന് ഉറപ്പുണ്ടായിരുന്നു. പിന്നെ എനിക്ക് മാര്‍ക്കോയിലെ ടോണിയേക്കാള്‍ ക്രൂരനായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം. പക്ഷെ എനിക്കിന് വീണ്ടും വീണ്ടും വില്ലന്‍ കഥാപാത്രങ്ങള്‍ വരുന്നതിനോടും എനിക്ക് താല്‍പര്യമില്ല', ജഗദീഷ് പറഞ്ഞു.

'അതിനൊപ്പം തന്നെ കോമഡി റോള്‍ കൂടി വന്നാല്‍ എനിക്ക് സന്തോഷമാകും. പിന്നെ വില്ലനാകുമ്പോള്‍ ആ കഥാപാത്രമാണ് ക്രൂരന്‍ അല്ലാതെ ഞാനല്ല. അത് അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഒരു ക്രൂരമായ കഥാപാത്രത്തിന് ശേഷം എനിക്ക് പ്രേക്ഷകരെ തിയേറ്ററില്‍ ചിരിപ്പിക്കാന്‍ സാധിക്കുന്ന ഒരു കോമഡി കഥാപാത്രം കിട്ടുകയാണെങ്കില്‍ എനിക്ക് വളരെ സന്തോഷമുണ്ടാകും. അത്തരം കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ മാര്‍ക്കോയിലെ വില്ലനല്ല എന്റെ അള്‍ട്ടിമേറ്റ് വില്ലന്‍ കഥാപാത്രം. ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ഇനിയും കിട്ടാനായി കാത്തിരിക്കുകയാണ്', എന്നും താരം കൂട്ടിച്ചേര്‍ത്തു.

'ഏതൊരു റോള്‍ ചെയ്യുമ്പോഴും അത് എളുപ്പമാണോ പാടാണോ എന്നുള്ളതല്ല വിഷയം. ലീല എന്ന സിനിമയില്‍ തങ്കപ്പന്‍ നായര്‍ എന്ന എന്റെ കഥാപാത്രത്തെ കണ്ട് പ്രേക്ഷകര്‍ക്ക് അസ്വസ്ഥത തോന്നിയതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ തങ്കപ്പന്റെ ചെയ്തികള്‍ കണ്ട് അയാളെ വെറുക്കുകയും ജഗദീഷിനെ ഇഷ്ടപ്പെടുകയും ചെയ്താല്‍ ഞാന്‍ അതില്‍ സന്തോഷിക്കുന്നു. അതുപോലെ തന്നെ മാര്‍ക്കോയിലെ ടോണിയോടും പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നുകയും എന്നോട് ഇഷ്ടം തോന്നുകയും ചെയ്താല്‍ ഞാന്‍ സന്തോഷവാനാണ്. അഭിനയം എന്റെ ഏറ്റവും വലിയ പാഷനാണ്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കും', എന്നും ജഗദീഷ് വ്യക്തമാക്കി.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ് ജഗദീഷിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം. ജീത്തു അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധാനം. ജഗദീഷിന് പുറമെ കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. തിയേറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്.

SCROLL FOR NEXT