സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ 2'. രജനികാന്തിനൊപ്പം മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവർ അതിഥിവേഷത്തിൽ എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. 'ജയിലർ' ആദ്യ ഭാഗത്തിൽ ഇവരുടെ കാമിയോ വേഷങ്ങൾക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. സീക്വലിൽ ഈ കഥാപാത്രങ്ങളെ കുറച്ചുകൂടി പ്രാധാന്യത്തോടെ അവതരിപ്പിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അടിമുടി രജനികാന്ത് നിറഞ്ഞുനിന്ന 'ജയിലർ 2'ൽ മോഹൻലാലിന്റെ ഭാഗങ്ങൾ കുറവായിരുന്നു. ട്രെയ്ലറിലെ ട്രെൻഡിങ് ആയി മാറിയ ഷോട്ട് പോലും ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായി.
മോഹൻലാലിന്റെ മൂന്ന് ലുക്കുകൾ സിനിമയിൽ നിന്ന് വെട്ടിമാറ്റിയെന്ന് നടന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ റിലീസിന് പിന്നാലെ വെളിപ്പെടുത്തിയതോടെ വിമർശനങ്ങൾ ശക്തമായി. ഇതിന് പിന്നാലെ മോഹൻലാലിന് പകരം ബോഡി ഡബിളിനെ ഉപയോഗിച്ചാണ് ചില രംഗങ്ങൾ ഷൂട്ട് ചെയ്തതെന്നും ആരോപണം ഉയർന്നു. ചിത്രത്തിന്റെ ക്ലൈമാക്സിലെ കാർ സീനിൽ നടന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ വിഷയം ചർച്ചയാകുന്നതിനിടെ 'ജയിലർ 2' ആക്ഷൻ കൊറിയോഗ്രാഫര് ചേതന് ഡിസൂസയുടെ പ്രതികരണം വൈറലാകുകയാണ്.
തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരു ആരാധകൻ കുറിച്ച കമന്റിന് ചേതൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. "സർ, എനിക്ക് രണ്ട് സംശയങ്ങളുണ്ട്. എന്തുകൊണ്ടാണ് മോഹൻലാൽ സാറിന്റെ ഇൻട്രോ വെട്ടിച്ചുരുക്കിയത്. താരങ്ങളുടെ നല്ലൊരു ഭാഗം സീനുകളും വെട്ടിച്ചുരുക്കിയതായി തോന്നി. അടുത്ത ചോദ്യം കാർ സീനിനെപ്പറ്റിയാണ് - ആ സീനിൽ മോഹൻലാൽ സാറാണോ ഡ്യൂപ്പ് ആണോ അഭിനയിച്ചത്. ആ സീനിൽ ഡ്യൂപ്പാണ് അഭിനയിച്ചതെന്ന് പ്രചാരണമുണ്ട് - എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി, "അത് അദ്ദേഹം തന്നെയാണ്", എന്നാണ് ചേതൻ കുറിച്ചത്.
ചേതന്റെ മറുപടി രണ്ട് രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നത്. ചിലർ ചേതന്റെ വാക്കുകളെ പിന്തുണയ്ക്കുമ്പോൾ മറ്റൊരു വിഭാഗം മുഖം സംരക്ഷിക്കാനുള്ള ശ്രമമായി മാത്രമാണ് ഇതിനെ കാണുന്നത്. ക്ലൈമാക്സ് സീനിലുള്ളത് മോഹൻലാൽ അല്ലെന്നാണ് ഇവർ തറപ്പിച്ച് പറയുന്നത്.
അതേസമയം, സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ് 'ജയിലർ 2'. കേരളത്തിൽ ഉൾപ്പെടെ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 424.25 കോടി രൂപ ആഗോള ഗ്രോസ് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ വിദേശ ഗ്രോസ് 190 കോടിയാണ്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 199.90 കോടി രൂപയും. ഇൻഡസ്ട്രി ഹിറ്റ് ലക്ഷ്യമാക്കിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്.