രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കണക്കുകൾ പ്രകാരം ഏകദേശം 59.70 കോടി രൂപ നെറ്റ് കളക്ഷനാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം 'ജയിലർ' സീക്വൽ സ്വന്തമാക്കിയത്. 16,599 ഷോകളിൽ നിന്നാണ് ഈ നേട്ടം. ചിത്രം 1000 കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് രജനി ആരാധകർ.
ആഗോളതലത്തിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, 125.25 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ്.
അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2025ൽ പുറത്തിറങ്ങിയ 'കൂലി'യുടെ ആദ്യ ദിന കളക്ഷൻ മറികടക്കാൻ 'ജയിലർ 2'ന് സാധിച്ചിട്ടില്ല. ഇന്ത്യയിൽ നിന്ന് മാത്രമായി 65 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് 'കൂലി' നേടിയത്. രജനികാന്തിന്റെ ഏറ്റവും വലിയ ഓപ്പണിങ് ആണിത്.
ആക്ഷൻ കോമഡി ഴോണറിൽ എത്തിയ 'ജയിലർ 2'ൽ രജനിക്കൊപ്പം മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, വിജയ് സേതുപതി, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഒരു സർപ്രൈസ് കാമിയോയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം.
ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി.