രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2ന്റെ ആദ്യ ഗാനം പുറത്തിറങ്ങി. അല ബൊലേലോ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദർ ആണ്. നേരത്തെ റിലീസ് ചെയ്ത ഗാനത്തിൻ്റെ പ്രൊമൊ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. പ്രൊമോയിലെ സൂചനപോലെ തന്നെ ഷംന കാസിമിന്റെ തകർപ്പൻ പ്രകടനം ഗാനത്തിലുണ്ട്.
ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. രജനിക്കൊപ്പം ജയിലർ 2 ൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും ജയിലര്‍ 2വിലുണ്ടാകും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്. പാലക്കാട് അട്ടപ്പാടിയിലും കോഴിക്കോടും സിനിമ ചിത്രീകരിച്ചിട്ടുണ്ട്.
നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്‍തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയതാണ്.