'ജയിലർ 2' സിനിമ 
MOVIES

"ഇനി കുറച്ചുകൂടി കാത്തിരിക്കൂ, വേട്ട ഉടൻ ആരംഭിക്കും"; 'ജയിലർ 2' അപ്ഡേറ്റ് ആവശ്യപ്പെട്ട് ആരാധകർ; മറുപടിയുമായി നിർമാതാക്കൾ

'ജയിലർ 2' അപ്ഡേറ്റുകൾ വൈകുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുകയാണ്

Author : ന്യൂസ് ഡെസ്ക്

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായ 'ജയിലർ 2'. നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ചിത്രം ഒക്ടോബർ 15നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. എന്നാൽ, റിലീസ് തീയതി അടുത്തിട്ടും സിനിമയുടെ ഔദ്യോഗിക അപ്‌ഡേറ്റുകൾ വരാത്തതിൽ ആരാധകർ അൽപ്പം നിരാശയിലാണ്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമ്മൻ' എന്ന രജനികാന്ത് ചിത്രത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ 'ജയിലർ 2' അപ്ഡേറ്റുകൾ വൈകുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുകയാണ്.

സിനിമയെപ്പറ്റിയുള്ള കാര്യങ്ങൾ ആരാധകരിലേക്ക് എത്തിക്കുന്ന കാര്യത്തിൽ സൺ പിക്ചേഴ്സ്, 'ധർമ്മൻ' നിർമിക്കുന്ന രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിൽ നിന്ന് പഠിക്കണമെന്ന് വരെ ചില ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇപ്പോഴിതാ, ആരാധകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൺ പിക്ചേഴ്സ്.

"ഇനി കുറച്ചുകൂടി കാത്തിരിക്കൂ" എന്ന് പറയുന്ന രജനികാന്ത് കഥാപാത്രത്തിന്റെ വീഡിയോ ക്ലിപ്പിനൊപ്പം, "വേട്ട ഉടൻ ആരംഭിക്കും! 'ജയിലർ 2' അപ്‌ഡേറ്റുകൾ നാളെ മുതൽ വരുന്നു" എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം സൺ പിക്ചേഴ്സ് ആരാധകർക്ക് മറുപടി നൽകിയത്.

നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാ​ഗമാണ് 'ജയിലർ 2'. 2023ൽ റിലീസ് ചെയ്ത 'ജയിലർ' 600 കോടിയിലേറെയാണ് ആഗോളതലത്തിൽ കളക്ട് ചെയ്തത്. സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രജനി ആരാധകർ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ജതിൻ ശർമ, മോഹൻലാൽ, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, ഷംന കാസിം എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതിഥി വേഷത്തിൽ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകും. അടുത്തിടെയിറങ്ങിയ ചിത്രത്തിലെ 'അല ബോലേലോ' എന്ന ഡാൻസ് നമ്പർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

SCROLL FOR NEXT