MOVIES

എങ്ങും ദളപതി കച്ചേരി! 250 കോടി ആഗോള ഗ്രോസുമായി 'ജന നായകൻ', കേരള കളക്ഷൻ 14 കോടിയിലേക്ക്

ഇന്ത്യയിൽ ഇതുവരെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ കൂടി 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: വിജയ്‌ ചിത്രം 'ജന നായകൻ' ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജന നായകൻ' ആഗോളതലത്തിൽ 250 കോടി രൂപ ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 14 കൊടിയിൽപ്പരം രൂപയുടെ ഗ്രോസ് കളക്ഷൻ ആണ്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട താരമായ വിജയ്‌യെ അവസാനമായി ബിഗ് സ്‌ക്രീനിൽ കാണാൻ പ്രായഭേദമന്യേ ആരാധകർ തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മാസങ്ങൾക്ക് മുൻപ് ഓൺലൈനിൽ ലീക്കായ ശേഷവും ചിത്രത്തിന് ലഭിക്കുന്ന ഗംഭീര കളക്ഷൻ വിജയ്‌ എന്ന നടന്റെ ജനപ്രീതി അടിവരയിടുന്നതാണ്. 'തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്' എന്ന ടൈറ്റിൽ കാർഡ് സ്ക്രീനിൽ പ്രത്യക്ഷമാകുന്ന നിമിഷം മുതൽ കയ്യടികളോടെ 'ജന നായകൻ' ആഘോഷമാക്കുകയാണ് ആരാധകർ. ഇന്ത്യയിൽ ഇതുവരെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ കൂടി 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകനി'ൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

'ജന നായകന്റെ' അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം - സത്യൻ സൂര്യൻ, ആക്ഷൻ - അനിൽ അരശ്, ആർട്ട് - വി. സെൽവ കുമാർ, കൊറിയോഗ്രാഫി - ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം - പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, മേക്കപ്പ് - നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ - വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് - പ്രതീഷ് ശേഖർ.

SCROLL FOR NEXT