'ജന നായകൻ' ഓഡിയോ ലോഞ്ചിൽ വിജയ് Source: X
MOVIES

'ജന നായകൻ' തെരഞ്ഞെടുപ്പ് കഴിയാതെ എത്തില്ല; ടിക്കറ്റ് എടുത്തവർ പണം തിരികെ വാങ്ങണമെന്ന് വിതരണക്കാർ

സിനിമയുടെ കാനഡയിലെ വിതരണക്കാരുടെ പ്രസ്താവനയാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജന നായകൻ' തിയേറ്ററുകളിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പൊങ്കൽ റിലീസ് ആയി പ്രഖ്യാപിച്ച ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് നടന്ന നിയമപ്പോര് ഇപ്പോൾ സിബിഎഫ്‌സി റിവ്യൂ കമ്മിറ്റി വരെ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയാതെ ചിത്രം റിലീസ് ആകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, സിനിമ ഏപ്രിൽ അവസാനം വരെ റിലീസ് ആയേക്കില്ല. 'ജന നായകൻ' ഏപ്രിൽ 30ന് മുൻപ് എത്തില്ലെന്ന കാനഡയിലെ വിതരണക്കാരായ യോർക്ക് സിനിമാസിന്റെ പ്രസ്താവനയാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും റീഫണ്ട് ഇതുവരെ ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, എത്രയും വേഗം തങ്ങളുടെ തിയേറ്ററുകളുമായി ബന്ധപ്പെട്ട് അത് കൈപ്പറ്റണമെന്നാണ് യോർക്ക് സിനിമാസ് അറിയിച്ചിരിക്കുന്നത്.

എന്നാൽ, സിനിമയുടെ റിലീസിനെ സംബന്ധിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മൗനം തുടരുകയാണ്. കോടതി വ്യവഹാരം അവസാനിപ്പിച്ച് സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി വഴി സർട്ടിഫിക്കറ്റ് നേടാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ. നിലവിലെ സാഹര്യത്തിൽ മെയ് അല്ലെങ്കിൽ ജൂൺ മാസത്തിൽ സിനിമ റിലീസ് ആയേക്കും എന്നാണ് റിപ്പോർട്ടുകൾ.

എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വിജയ്‌ക്കൊപ്പം ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും എത്തും. വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

SCROLL FOR NEXT