റാം സിനിമ സെറ്റില്‍ നിന്ന്  Source : X
MOVIES

മോഹന്‍ലാലിന്റെ 'റാം' ഉപേക്ഷിച്ചോ? വ്യക്തത നല്‍കി ജീത്തു ജോസഫ്

ജീത്തുവും മോഹന്‍ലാലും റാം അല്ലാത്ത പ്രൊജക്ടുകളില്‍ തുടര്‍ച്ചയായി ഭാഗമായതിന് പിന്നാലെ ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലും സംശയങ്ങള്‍ ഉണ്ടായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ് ചെയ്യാനിരുന്നത് ദൃശ്യം 2 ആയിരുന്നില്ല. ഇരുവരും ഒരുമിച്ച് റാം എന്ന ആക്ഷന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. 2020ന്റെ തുടക്കത്തില്‍ രണ്ട് ഭാഗങ്ങളിലായി നിര്‍മിക്കാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണം മുടങ്ങി പോവുകയായിരുന്നു. ഇപ്പോഴും റാം തിയേറ്ററിലെത്തുമോ എന്നതിനെ കുറിച്ച് വ്യക്തത ഇല്ലായിരുന്നു. ജീത്തുവും മോഹന്‍ലാലും റാം അല്ലാത്ത പ്രൊജക്ടുകളില്‍ തുടര്‍ച്ചയായി ഭാഗമായതിന് പിന്നാലെ ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലും സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം ജീത്തു ജോസഫ് തന്നെ വ്യക്തത നല്‍കിയിരിക്കുകയാണ്.

"റാമിന്റെ 80 ശതമാനം ഭാഗവും ഞങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു. ആദ്യ ഭാഗം പൂര്‍ത്തിയാക്കാന്‍ ഇനി 15-16 ദിവസത്തെ ജോലികള്‍ കൂടിയെ ആവശ്യമുള്ളൂ. ആക്ഷന്‍ ബ്ലോക്കുകള്‍ ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങളെല്ലാം തന്നെ പൂര്‍ത്തിയായി. രണ്ടാം ഭാഗത്തിനായി കുറച്ചു കൂടി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞങ്ങള്‍ യുകെയില്‍ ഷൂട്ട് ചെയ്തപ്പോള്‍ നടിക്ക് പരിക്കു പറ്റി. പിന്നെ മഴ തുടര്‍ച്ചയായി വന്നതും ഷൂട്ടിംഗിന് പ്രശ്‌നമായി. ഇപ്പോള്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തിയതിനാല്‍ ഒരു ബ്ലോക്ക് മുഴുവന്‍ വീണ്ടും ഷൂട്ട് ചെയ്യണം എന്നതാണ് പ്രശ്‌നം", ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആദ്യ ഭാഗം എളുപ്പത്തില്‍ റിലീസി ചെയ്യാന്‍ സാധിക്കുമെന്ന് ജീത്തു വിശ്വസിക്കുന്നു. പക്ഷെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അത് പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ജേസണ്‍ ബോണ്‍ സീരീസിനോട് ഉപമിക്കാവുന്ന ചിത്രമാണ് റാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഊഴത്തില്‍ ഞാന്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. പക്ഷെ റാമില്‍ ഇത് കുറച്ച് വ്യത്യസ്തമാണ്. സ്റ്റണ്ട് കോഡിനേറ്റര്‍മാര്‍ എല്ലാം ഹോളിവുഡില്‍ നിന്നുള്ളവരാണ്", അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം മിറാഷ് റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 19ന് ചിത്രം തിയേറ്ററിലെത്തും. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. അതോടൊപ്പം വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന് ശേഷം ജീത്തു ദൃശ്യം 3യുടെ ചിത്രീകരണത്തിലേക്ക് കടക്കും. 2025 ക്രിസ്മസിന് ദൃശ്യം 3 തിയേറ്ററിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

SCROLL FOR NEXT