ജീത്തു ജോസഫ് Source : Instagram
MOVIES

"ദൃശ്യം 3 ക്ലൈമാക്‌സ് എഴുതി തീര്‍ത്തു"; ശാരീരികവും മാനസികവുമായി തളര്‍ന്നിരുന്നെന്ന് ജീത്തു ജോസഫ്

'ദൃശ്യം' ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയ ത്രില്ലര്‍ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'. 'ദൃശ്യം' ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഇക്കാര്യം നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് പൂര്‍ത്തിയായി എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

മറ്റ് രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗിനിടെയായിരുന്നു 'ദൃശ്യം 3'യുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അതുകൊണ്ട് തന്നെ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു. മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

"ഇന്നലെ രാത്രിയാണ് ഞാന്‍ ദൃശ്യം 3 ക്ലൈമാക്‌സ് എഴുതി തീര്‍ത്തത്. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി പൂര്‍ത്തിയാക്കി. ഇത്രനാളും അതിന്റെ ഒരു ടെന്‍ഷനില്‍ ആയിരുന്നു. മിറാഷ് എന്ന ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ട് വലത്ത് വശത്തെ കള്ളന്‍ സിനിമയുടെ ഷൂട്ടും ഉണ്ടായിരുന്നു. ഈ സിനിമകളുടെ ചിത്രീകരണത്തിനിടയില്‍ എന്നും രാവിലെ മൂന്നര മണിക്ക് എഴുനേറ്റ് ദൃശ്യം 3 എഴുത്തും. ഒരു സ്ട്രഗിള്‍ ആയിരുന്നു, മാനസികമായും ശാരീരികമായും ഞാന്‍ വളരെ അധികം തളര്‍ന്നിരുന്നു. പക്ഷെ ഇന്നലെ ആശ്വാസമായി. ഇവിടെ വന്നപ്പോള്‍ ഞാന്‍ ദൃശ്യം സിനിമയുടെ മ്യൂസിക് കേട്ടു. അപ്പോള്‍ എന്റെ മനസിലൂടെ സിനിമയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും മൂന്നാം ഭാഗവും പോയ്കൊണ്ടിരിക്കുകയാണ്. അതൊരു വല്ലാത്ത ഫീല്‍ ആണ്", ജീത്തു പറഞ്ഞു.

2013ലാണ് 'ദൃശ്യ'ത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. 2021ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. 'ദൃശ്യം ദി റിസംഷന്‍' എന്നായിരുന്നു രണ്ടാം ഭാഗത്തിന്റെ പേര്.

അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, അനീഷ് ജി മേനോന്‍, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹന്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമന്‍, പ്രദീപ് ചന്ദ്രന്‍, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്.

സംഗീതം പകര്‍ന്നത് വിനു തോമസാണ്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം, സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിര്‍മാണം ആശിര്‍വാദ് സിനിമാസ് ആണ്.

SCROLL FOR NEXT