ജീവ ചിത്രം 'തലൈവർ തമ്പി തലൈമയിൽ' 
MOVIES

പൊങ്കൽ വിന്നറായി ജീവ; 'തലൈവർ തമ്പി തലൈമയിൽ' തേരോട്ടം തുടരുന്നു

ജനുവരി 15ന് റിലീസ് ചെയ്ത ചിത്രം സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'ഫാലിമി' എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവൻ ഒരുക്കിയ തമിഴ് സിനിമയാണ് 'തലൈവർ തമ്പി തലൈമയിൽ'. പൊങ്കൽ റിലീസ് ആയി എത്തിയ ജീവ നായകനായ ചിത്രം തമിഴ് ബോക്സ് ഓഫീസിൽ അപ്രതീക്ഷിത വിജയം കൊയ്തിരിക്കുകയാണ്. ശിവകാർത്തികേയന്റെ ‘പരാശക്തി’, കാർത്തിയുടെ ‘വാ വാധ്യാർ’ തുടങ്ങിയ വമ്പൻ സിനിമകളോട് ഏറ്റുമുട്ടിയാണ് ഈ നേട്ടം.

ജനുവരി 15ന് റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസം കൊണ്ട് 8.7 കോടി കളക്ഷനാണ് ഇന്ത്യയിൽ നിന്ന് നേടിയത്. വെറും 300ൽ താഴെ മാത്രം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ദിനം 1.75 കോടി രൂപ ആയിരുന്നു സിനിമയുടെ കളക്ഷൻ. എന്നാൽ, രണ്ടാം ദിനം ഇത് 3.2 കോടി രൂപയായി ഉയർന്നു.

ടിക്കറ്റ് ബുക്കിങ്ങിൽ വൻ കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സിനിമയുടെ സ്ക്രീൻ കൗണ്ട് വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ജീവയുടെ അതിശക്തമായ തിരിച്ചുവരവിനാണ് ഈ പോങ്കലിന് തമിഴ് ബോക്സ്ഓഫീസ് സാക്ഷ്യം വഹിച്ചത്. ചിത്രത്തിലെ ജീവയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും പറയുന്നത്. ഒപ്പം അൽപ്പം രാഷ്ട്രീയവും. 'ഫാലിമി'യിലൂടെ അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവനെ തമിഴ് സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഒരു മലയാളം ഫീൽ ഗുഡ് സിനിമയുടെ മൂഡ് ചിത്രത്തിനുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് സിനിമയുടെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം കണ്ണൻ രവി പ്രൊഡക്ഷൻസാണ് നിർമിച്ചിരിക്കുന്നത്.

SCROLL FOR NEXT