ജിതിൻ കെ ജോസ്, ജയസൂര്യ 
MOVIES

'കറുത്ത രാത്രി', 'ഊട്ടുനേർച്ച'; ജിതിൻ കെ ജോസ് - ജയസൂര്യ ചിത്രം ആ രഹസ്യ ആചാരത്തെപ്പറ്റിയോ?

'കളങ്കാവലി'ന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടി-വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'കളങ്കാവൽ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. കഴിഞ്ഞ ദിവസം ഈ സിനിമയെ സംബന്ധിക്കുന്ന ഒരു പോസ്റ്റ് ജിതിൻ പങ്കുവച്ചു. ജയസൂര്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രം. ഈ പോസ്റ്റിന് സംവിധായകൻ നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.

"തൽപ്പരകക്ഷികൾക്ക്, കറുത്ത രാത്രികളിലെ ഊട്ടുനേർച്ചയിലേക്ക് സ്വാഗതം," എന്നാണ് ചിത്രത്തിനൊപ്പം ജിതിൻ കെ. ജോസ് കുറിച്ചത്. സിനിമയുടെ പ്രമേയത്തെപ്പറ്റിയുള്ള സൂചനയാണിതെന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം. ചില പുരാതന ക്രിസ്തീയ കുടുംബങ്ങളിൽ നിലനിന്നിരുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുർമന്ത്രവാദക്രിയയെപ്പറ്റിയാകുമോ സിനിമ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മലയാള സാഹിത്യത്തിലും സിനിമകളിലും നിരവധി തവണ കടന്നുവന്ന പ്രമേയമാണ് 'കറുത്തച്ചനൂട്ട്'. ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ', ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര' എന്നിങ്ങനെയുള്ള നോവലുകളിൽ കറുത്തച്ചനും ഈ രഹസ്യാചാരവും കടന്നുവരുന്നുണ്ട്. പൃഥ്വിരാജ് നായകനായ 'ആദം ജോൺ' (2017) എന്ന ചിത്രത്തിലും 'കറുത്തച്ചനൂട്ടി'നെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. സിനിമയിൽ കെപിഎസി ലളിതയുടെ കഥാപാത്രം ഈ ആചാരത്തിന് പിന്നിലെ ഐതിഹ്യം വിവരിക്കുന്ന സീൻ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജയസൂര്യ - ജിതിൻ ചിത്രവും ഈ കഥയാകുമോ പറയുക എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

'കളങ്കാവൽ' സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. 'ഓർഡിനറി', 'അനാർക്കലി' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റിങ് - പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.

SCROLL FOR NEXT