സൂര്യ 47 പൂജാ ചടങ്ങ് Source: Instagram
MOVIES

നായകനായി സൂര്യ, നായിക നസ്രിയ; ആവേശം ഇരട്ടിപ്പിച്ച് ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്റം

സിനിമയിൽ നസ്ലനും ഒരു പ്രധാന വേഷത്തിൽ എത്തിയേക്കും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സൂര്യ 47' ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൂടാതെ നടൻ കാർത്തി, രാജശേഖർ പാണ്ഡ്യൻ ( 2D എന്റർടെയ്ൻമെന്റ്), എസ്.ആർ. പ്രകാശ്, എസ്.ആർ. പ്രഭു ( ഡ്രീം വാരിയർ പിക്ചേഴ്സ്),എന്നിവരും പൂജ ചടങ്ങിൽ പങ്കെടുക്കുകയും ചിത്രത്തിന് വിജയം ആശംസിക്കുകയും ചെയ്തു.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും അദ്ദേഹം പങ്കിട്ടു. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

നേരത്തെ, സുധാ കൊങ്കരയുടെ ചിത്രത്തിൽ സൂര്യയും നസ്രിയയും ഒന്നിക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സിനിമയിൽ ദുൽഖർ സൽമാനും ഭാഗമാകും എന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ പ്രൊജക്ട് നടന്നില്ല. ഈ ചിത്രമാണ് ശിവകാർത്തികേയൻ, ശ്രീലീല, രവി മോഹൻ, അഥർവ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധ സംവിധാനം ചെയ്യുന്ന 'പരാശക്തി'.

അതേസമയം, 'കറുപ്പ്' ആണ് ഏറെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രം. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സിനിമയിൽ തൃഷയാണ് നായിക. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ വെങ്കി അട്‌ലൂരി ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് നടൻ. ഈ സിനിമയുടെ ഒരു പ്രധാന വേഷത്തിൽ മലയാളി താരം മമിതാ ബൈജുവും അഭിനയിക്കുന്നുണ്ട്.

SCROLL FOR NEXT