MOVIES

നിങ്ങള്‍ വില്‍ക്കുന്നത് മരണമാണ് : പാന്‍ മസാല പരസ്യങ്ങളെ കുറിച്ച് ജോണ്‍ എബ്രഹാം

രണ്‍വീര്‍ അലാബാദിയയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരങ്ങള്‍ പാന്‍ മസാലയെ പ്രമോട്ട് ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ചെയ്യുന്നതില്‍ തന്റെ പ്രതികരണം അറിയിച്ച് നടന്‍ ജോണ്‍ എബ്രഹാം. രണ്‍വീര്‍ അലാബാദിയയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്.

'എനിക്ക് ഒരിക്കലും മരണം വില്‍ക്കണ്ട. എനിക്ക് എന്റെ ആരാധകര്‍ക്കൊരു റോള്‍ മോഡല്‍ ആവുകയാണ് വേണ്ടത്. ഞാന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവര്‍ക്ക് എന്നില്‍ വിശ്വാസം ഉണ്ടാവുകയില്ല. ഞാന്‍ എന്റെ ജീവിതം സത്യസന്ധതയോടെ ജീവിക്കുകയും പറയുന്നത് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഞാന്‍ ഒരു റോള്‍ മോഡല്‍ ആയി മാറും. പക്ഷെ ഞാന്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു മുഖവും അവര്‍ക്ക് പിന്നില്‍ മറ്റൊരു മുഖവുമായി ജീവിച്ചാല്‍ അത് അവര്‍ക്ക് മനസിലാകും', ജോണ്‍ എബ്രഹാം പറഞ്ഞു.

'ആളുകള്‍ ഫിറ്റ്‌നസിനെ കുറിച്ച് സംസാരിക്കുന്നു. അതേ ആളുകള്‍ പാന്‍ മസാലയുടെ പരസ്യങ്ങള്‍ ചെയ്യുന്നു. എനിക്ക് എന്റെ എല്ലാ നടന്‍മാരായ സുഹൃത്തുക്കളെയും ഇഷ്ടമാണ്. ഞാന്‍ അവരെ അപമാനിക്കുകയല്ല. ഞാന്‍ എന്നെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. ഞാന്‍ ഒരിക്കലും മരണം വില്‍ക്കുകയില്ല. അതെന്റെ പ്രിന്‍സിപ്പിളിന്റെ ഭാഗമാണ്. നിങ്ങള്‍ക്കറിയുമോ പാന്‍മസാല വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവ് 45,000 കോടിയാണ്. അതിര്‍ത്ഥം സര്‍ക്കാര്‍ പോലും അതിനെ പിന്തുണയ്ക്കുന്നു എന്നാണ്. അതുകൊണ്ട് തന്നെ അത് നിയമവിരുദ്ധമല്ല. ഞാന്‍ അത്തരം കമ്പനികളെ പിന്തുണയ്ക്കില്ലെന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇത്തരം പ്രൊഡറ്റുകള്‍ പലപ്പോഴും മൗത്ത് ഫ്രഷ്ണര്‍ ആയാണ് വില്‍ക്കപ്പെടുന്നത്. അതൊന്നും എന്റെ വിഷയമല്ല. നിങ്ങള്‍ മരണമാണ് വില്‍ക്കുന്നത്. എന്നിട്ട് എങ്ങനെയാണ് നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നത്?', എന്നും ജോണ്‍ എബ്രഹാം ചോദിച്ചു.

നടന്‍മാരായ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ എന്നിവരാണ് പാന്‍ മസാല ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള വലിയ താരങ്ങള്‍. ഇതിന് മുമ്പും അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നിവര്‍ ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നതിന് വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.

SCROLL FOR NEXT