ജോണ്‍ എബ്രഹാം Source : X
MOVIES

"ഞാനൊരു നിഷ്പക്ഷ രാഷ്ട്രീയക്കാരനാണ്"; ഛാവ, കശ്മീര്‍ ഫയല്‍സ് പോലുള്ള ചിത്രങ്ങള്‍ ചെയ്യില്ലെന്ന് ജോണ്‍ എബ്രഹാം

ജോണ്‍ എബ്രഹാമിന്റെ ടെഹ്‌റാന്‍ ഓഗസ്റ്റ് 15ന് സീ5ല്‍ സ്ട്രീമിംഗ് ആരംഭിക്കും.

Author : ന്യൂസ് ഡെസ്ക്

ടെഹ്‌റാന്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ആരംഭിച്ച നടന്‍ ജോണ്‍ എബ്രഹാം, അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ദി കശ്മീര്‍ ഫയല്‍സ്, ഛാവ തുടങ്ങിയ തീവ്ര ദേശീയ സിനിമകളെ കുറിച്ച് സംസാരിച്ചു. സമീപ കാലത്ത് ഭൗമ-രാഷ്ട്രീയ, ചരിത്ര സിനിമകളുടെ ഭാഗമായ ജോണ്‍ എബ്രഹാം തീവ്ര ദേശീയ സിനിമകളോട് താല്‍പര്യമില്ലെന്നും അത്തരം സിനിമകള്‍ ഒരിക്കലും ചെയ്യില്ലെന്നും പറഞ്ഞു.

വിക്കി കൗശലിന്റെ ഛാവ, വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ് എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. അതോടൊപ്പം തന്നെ തീവ്ര ദേശീയ വികാരം പ്രോത്സാഹിപ്പിച്ചതിന് സമൂഹമധ്യമത്തില്‍ ഒരു വലിയ വിഭാഗം ആ സിനിമകളെ വിമര്‍ശിക്കുകയും ചെയ്തു.

ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്താണെന്ന ചോദ്യം ചോദിച്ചിരുന്നു. "നമുക്ക് സെന്‍സര്‍ഷിപ്പ് ആവശ്യമാണ്. പക്ഷെ അത് എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അത് ഒരു ചോദ്യചിഹ്നമാണ്. അവര്‍ ഞങ്ങളോട് നല്ല രീതിയില്‍ പെരുമാറിയിട്ടുണ്ട്. പക്ഷെ എന്റെ സിനിമകള്‍ നിര്‍മിച്ച രീതിക്ക് ഞാന്‍ ഉത്തരവാദിയാണ്. ഞാന്‍ വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരോ അല്ല. ഞാനൊരു നിഷ്പക്ഷ രാഷ്ട്രീയക്കാരനാണ്. വലതുപക്ഷ സിനിമകള്‍ക്ക് വലിയ പ്രേക്ഷകരെ ലഭിക്കുന്നു എന്നതാണ് എന്നെ ആശങ്കപ്പെടുത്തത്. അപ്പോഴാണ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എത് രീതി സ്വീകരിക്കുമെന്ന ചോദ്യം വരുന്നത്. വാണിജ്യ രീതിയാണോ അതോ നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്ന രീതിയാണോ? ഞാന്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കും", ജോണ്‍ പ്രതികരിച്ചു.

"ഞാന്‍ ഛാവ കണ്ടിട്ടില്ല. പക്ഷെ ആളുകള്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് അറിയാം. ദി കശ്മീര്‍ ഫയല്‍സും. എന്നാല്‍ തീവ്ര രാഷ്ട്രീയ പരിസ്ഥിതിയില്‍ ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെ സിനിമകള്‍ നിര്‍മിക്കുകയും അത്തരം സിനിമകള്‍ പ്രേക്ഷകര്‍ കണ്ടെത്തുകയും ചെയ്യുമ്പോള്‍ അത് ഭീകരമാണ്. ഞാന്‍ ഒരിക്കലും പ്രലോഭിപ്പിക്കപ്പെട്ടിട്ടില്ല. ഞാന്‍ ഒരിക്കലും അത്തരം സിനിമകള്‍ ചെയ്യില്ല" , എന്നും താരം കൂട്ടിച്ചേര്‍ത്തു.

വിക്കി കൗശല്‍ നായകനായി എത്തിയ ഛാവ മുഗള്‍ സാമ്രാജ്യത്തിനെതിരെ പോരാടിയ മറാത്ത ഭരണാധികാരിയായ സംഭാജി മഹാരാജിന്റെ കഥയാണ് പറഞ്ഞത്. ചരിത്രത്തെ വളച്ചൊടിച്ചുവെന്ന പേരില്‍ ചിത്രം വിമര്‍ശിക്കപ്പെട്ടിരുന്നു. അതേസമയം കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചുള്ള ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പക്ഷെ സിനിമ രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.

ജോണ്‍ എബ്രഹാമിന്റെ ടെഹ്‌റാന്‍ 2012ല്‍ ഇസ്രായേലി നയതന്ത്രജ്ഞര്‍ക്കെതിരായി നടന്ന ആക്രമണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം ഓഗസ്റ്റ് 15ന് സീ5ല്‍ സ്ട്രീമിംഗ് ആരംഭിക്കും.

SCROLL FOR NEXT