ഹോളിവുഡ് താരം ജോണി ഡെപ്പ് Source: X
MOVIES

ജോണി ഡെപ്പ് തിരിച്ചെത്തുന്നു; 'ക്രിസ്മസ് കരോളി'ല്‍ നായകനാകും

'എബനൈസർ സ്‌ക്രൂജ്' എന്ന കഥാപാത്രമായാകും സിനിമയില്‍ ഡെപ്പ് എത്തുക

Author : ന്യൂസ് ഡെസ്ക്

ലോസ്ആഞ്ചലസ്: ലോകമെമ്പാടും ആരാധകരുള്ള ഹൊളിവുഡ് താരമാണ് ജോണി ഡെപ്പ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഡെപ്പ്. ചാൾസ് ഡിക്കൻസിൻ്റെ പ്രശസ്ത നോവലായ 'എ ക്രിസ്മസ് കരോൾ' എന്ന നോവലിനെ അടിസ്ഥാനമാക്കി എടുക്കുന്ന ചിത്രത്തില്‍ നടന്‍ പ്രധാന വേഷം അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

എക്സ്, പേൾ, മാക്സൈന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ടി വെസ്റ്റ് ആയിരിക്കും 'എബനേസർ: എ ക്രിസ്മസ് കരോൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുക. പാരാമൗണ്ട് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. അടുത്ത വർഷം നവംബർ 13 ന് റിലീസ് ചെയ്യുന്ന തരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സ്റ്റുഡിയോ പദ്ധതിയിടുന്നത്.

ജൊണി ഡെപ്പിനെ കൂടാതെ നടി ആൻഡ്രിയ റൈസ്ബറോയും സിനിമയുടെ ഭാഗമാകും എന്നാണ് സൂചന. നഥാനിയേൽ ഹാൽപേൺ ആണ് തിരക്കഥ ഒരുക്കുന്നത്. എമ്മ വാട്ട്സ് ആണ് നിർമാതാവ്. സ്റ്റീഫൻ ഡ്യൂട്ടേഴ്‌സും ജേസൺ ഫോർമാനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാകും. 'എബനൈസർ സ്‌ക്രൂജ്' എന്ന കഥാപാത്രമായാകും സിനിമയില്‍ ജോണി ഡെപ്പ് എത്തുക.

2022 ൽ മുന്‍ പങ്കാളി ആംബർ ഹെഡ് നല്‍കിയ മാനനഷ്ടക്കേസ് കേസും തുടർന്നുണ്ടായ നിയമപോരാട്ടത്തിനും ശേഷമുള്ള നടന്റെ തിരിച്ചുവരവിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേര്‍പിരിഞ്ഞത്. 18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. മാന നഷ്ടക്കേസിൽ ജയിച്ചെങ്കിലും നിരവധി അവസരങ്ങള്‍ ഡെപ്പിന് നഷ്ടമായി. ഫന്റാസ്റ്റിക് ബീസ്റ്റ്‌സ്, പൈറേറ്റസ് ഓഫ് കരീബിയന്‍ തുടങ്ങിയ ഫ്രാഞ്ചൈസികളില്‍ നിന്ന് താരത്തെ പുറത്താക്കിയിരുന്നു. 'ഡേ ഡ്രിങ്കർ' എന്ന സിനിമയിലാണ് ഒടുവില്‍ നടന്‍ അഭിനയിച്ചത്. പെനലോപ്പ് ക്രൂസിനൊപ്പം എത്തുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍.

SCROLL FOR NEXT