ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജി ബുധനാഴ്ച്ചയിലേക്ക് മാറ്റി ഹൈക്കോടതി. ജസ്റ്റിസ് എന്‍ നാഗരേഷ് ആണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കവെ ചില സുപ്രധാന നിരീക്ഷണങ്ങള്‍ കൂടി കോടതി നടത്തി. സെന്‍സര്‍ ബോര്‍ഡിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് കോടതി പറഞ്ഞത്. സിനിമയ്ക്ക് എന്ത് പേര് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡ് സംവിധായകനോട് കല്‍പിക്കുകയാണോ എന്നും കോടതി ചോദിച്ചു. ആരുടെ വികാരങ്ങളെയാണ് ഈ പേര് വ്രണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ജാനകി എന്ന പേര് നല്‍കിയതിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ബലാല്‍സംഗത്തിന് ഇരയായ വ്യക്തിയ്ക്കാണ് ജാനകി എന്ന പേര് നല്‍കിയിരിക്കുന്നത്. അല്ലാതെ റേപ്പിസ്റ്റിനല്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടമാണല്ലോ സിനിമയുടെ കഥാതന്തു. പിന്നെ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. മിക്കവാറും പേരുകളും ദൈവത്തിന്റെ നാമങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
'ജാനകി ജാനേ' എന്ന സിനിമയ്ക്ക് ആരും ഒബ്ജക്ഷന്‍ പറഞ്ഞിരുന്നില്ല എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. അതോടൊപ്പം കോടതി സിനിമ കാണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരെ തിരുവനന്തപുരത്ത് സിനിമാസംഘടനകളുടെ പ്രതിഷേധം നടക്കുകയാണ്. സിനിമാപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ഫെഫ്ക, താരസംഘടനയായ A.M.M.A, നിര്‍മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലെക്സിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നിലാണ് സമരം.