ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള Source: Facebook
MOVIES

JSK സിനിമാ വിവാദം: ജാനകി പൊതുവായി ഉപയോഗിക്കുന്ന പേരല്ലേയെന്ന് ഹൈക്കോടതി; മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്

സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി നിർദേശിച്ചു.

Author : ന്യൂസ് ഡെസ്ക്

ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. പേര് മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനാണ് കോടതിയുടെ നിർദേശം.

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പേരെന്ന് സെന്‍സർ ബോർഡ് കോടതിയെ അറിയിച്ചു. പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സിനിമ കാണുന്നതിന് വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. എന്നാൽ ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിൽ മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.

സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്ന് കോടതി സിബിഎഫ്സിയോട് ചോദിച്ചു. ജാനകിയെന്നും ഗീതയെന്നും ഉള്ളത് എല്ലാവരും ഉപയോഗിക്കുന്ന പേരാണ്. ജാനകിയുടെ പേര് വേണ്ട മറ്റ് പേര് നല്‍കാമെന്നാണോയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് നിര്‍മാതാക്കളോട് കോടതി ആരാഞ്ഞു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയ്ക്ക് വേണ്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് സിനിമാ സംഘടനകൾ. ഹൈക്കോടതിയിൽ ഉടൻ റിട്ട് ഹർജി നൽകാനാണ് തീരുമാനം. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിനു മുൻപിൽ തിങ്കളാഴ്ച സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമരത്തിൽ സിനിമ - ടെലിവിഷൻ മേഖലയിലെ സംഘടനകൾ മുഴുവൻ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

SCROLL FOR NEXT