ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള റിവ്യൂ Source: News Malayalam 24x7
MOVIES

ജാനകിക്ക് പ്രസക്തമായ ചിലത് പറയാനുണ്ട്, പക്ഷേ 'അഡ്വക്കേറ്റ് ആബേല്‍' സമ്മതിക്കുന്നില്ല | ജെഎസ്‌കെ മൂവി റിവ്യൂ

കെ റെയിൽ മുതല്‍ കരുവന്നൂർ വരെ കടന്നു വരുന്നുണ്ട് ആബേലിന്റെ സംഭാഷണങ്ങളിൽ

Author : ശ്രീജിത്ത് എസ്

സ്ത്രീ സുരക്ഷയെപ്പറ്റി വലിയ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് പ്രവീണ്‍ നാരായണന്റെ 'ജാനകി' എന്ന സെന്‍സർ ബോർഡിന്റെ 'ജാനകി വിദ്യാധരൻ'. പക്ഷേ അതിന് വെല്ലുവിളിയാകുന്നത് സുരേഷ് ഗോപിയുടെ ഡേവിഡ് ആബേൽ ഡോണോവൻ ആണ്‌...

ജാനകി വിദ്യാധരന്‍ - എഞ്ചിനിയറിങ് പഠിച്ച, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതി. അവള്‍ സ്വന്തം നാട്ടില്‍ വെച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഈ സംഭവമാണ് കഥയുടെ കാതല്‍. കഥ ജാനകിയുടേതാണെങ്കിലും 'ഡേവിഡ് ആബേൽ ഡോണോവൻ' എന്ന അഭിഭാഷകനാണ് സിനിമയുടെ കേന്ദ്രം. ആബേല്‍ സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന, നീതിപീഠത്തില്‍ ഉറച്ചു വിശ്വസിക്കുന്ന അഭിഭാഷകനാണ്. 'സർക്കാർ', 'സർക്കാർ സംവിധാനം', 'നമ്പർ വണ്‍' എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട് ആബേല്‍. കെ റെയിൽ മുതല്‍ കരുവന്നൂർ വരെ കടന്നു വരുന്നുണ്ട് ഈ സംഭാഷണങ്ങളിൽ. പൊതുജനത്തിന്റെ രോഷം തന്നിലൂടെ പ്രകടിപ്പിക്കുന്നു എന്ന മട്ടിലാണിത്.

കഥാപാത്ര നിർമിതിക്ക് അപ്പുറം ഈ രോഷ പ്രകടനവും സിനിമയുടെ കേന്ദ്ര കഥയുമായി യാതൊരു ബന്ധവുമില്ല. ജാനകിയും അവള്‍ മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങളുമാണ് പ്രധാനം. തന്റെ ശരീരത്തിന്‍മേല്‍ തനിക്ക് എടുക്കാവുന്ന തീരുമാനങ്ങളിലെ രാഷ്ട്രീയം പറയാന്‍ ജാനകി ശ്രമിക്കുന്നുണ്ട്. എന്നാല്‍, ആബേലിന്റെ തീപ്പൊരി ഡയലോഗുകള്‍ക്കിടയില്‍ ജാനകിയുടെ ശബ്ദത്തിന് ശക്തി അല്‍പ്പം കുറഞ്ഞുപോകുന്നു.

ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇത്, സിനിമയിലും സമൂഹത്തിലും. അവൾക്ക് നിയമപരവും മാനസികവുമായ പിന്തുണ നൽകാനുള്ള ഉത്തരവാദിത്തം സ‍ർക്കാരിനും സമൂഹത്തിനുമുണ്ട്. എന്നാൽ സംവിധാനവും സമൂഹവും പലപ്പോഴും യഥാവിധം പ്രവ‍ർത്തിക്കാറില്ല എന്നതാണ് വസ്തുത. നോട്ടം കൊണ്ടും വാക്കുകൊണ്ടും പലതവണ അതിജീവിത‍ർ വേട്ടയാടപ്പെടുന്നു. ഈ അച്ചിൽ തന്നെയാണ് ജാനകിയുടെ കഥയും വാ‍ർത്തിരിക്കുന്നത്. അതിനെ വ്യത്യാസപ്പെടുത്തുന്നത് ജാനകി സംവിധാനത്തോട് (സ‍ർക്കാരിനോട്) ഉന്നയിക്കുന്ന ഒരൊറ്റ ആവശ്യമാണ്. തന്റെ ശരീരത്തിന്മേൽ തീരുമാനം എടുക്കാനുള്ള അവകാശം. ​തന്റെ അനുവാദമില്ലാതെ തന്നിൽ വളരുന്ന ജീവനെ ഉപേക്ഷിക്കാൻ അനുമതി നൽകണമെന്ന് ജാനകി ആവശ്യപ്പെടുമ്പോൾ അത് ചോദ്യം ചെയ്യുന്നത് ഗ‍ർഭച്ഛിദ്രം നിയമങ്ങളെയാണ്.

കോടതി മുറിയും വാദപ്രതിവാദങ്ങളും ഉണ്ടെങ്കിലും സിനിമയെ ഒരു കോർട്ട് റൂം ഡ്രാമ ​ഗണത്തിൽ ഉൾപ്പെടുത്താൻ പ്രയാസമാണ്. കോടതിമുറിയിലെ രം​ഗങ്ങൾ നിർജീവമായിരുന്നു. ജാനകിയിലൂടെ ഡ്രാമ സൃഷ്ടിക്കാൻ‌ ശ്രമിക്കുന്നുണ്ടെങ്കിലും അജയ്യനായ ആബേലിന് മുന്നിൽ ദുർബലരായിപോകുന്ന പബ്ലിക്ക് പ്രോസിക്യൂട്ട‍ർമാ‍ർ കോടതി സീനുകളുടെ ബലം ചോ‍ർത്തിക്കളയുന്നു.

സിനിമയുടെ മറ്റ് വശങ്ങളിലേക്ക് പോയാൽ താരതമ്യേന മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നതാണ് രണ​ദിവെയുടെ ഛായാ​ഗ്രഹണം. എഡിറ്റിങ്ങും അങ്ങനെ തന്നെ. സം​ഗീതവും പശ്ചാത്തല സം​ഗീതവും കഥാസന്ദർഭങ്ങളുമായി ചിലയിടത്തെങ്കിലും വിട്ടുനില്‍ക്കുന്നതായി അനുഭവപ്പെട്ടു.

സിനിമ ഫിക്ഷനാണ്. അതിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികവുമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധവുമുണ്ടാകില്ല. എന്നാൽ, സിനിമയിലെ രൂപകങ്ങളും ചിഹ്നങ്ങളും സംസാരിക്കും. പ്രേക്ഷകൻ അത് സമകാലീന സംഭവങ്ങളുമായി ചേർത്തുവായിക്കും. അത്തരം വായനകളിലൂടെ കടന്നുപോയാൽ കാണികൾ ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് 'ആബേല്‍' v/s സ്റ്റേറ്റ് ഓഫ് കേരള എന്ന് മാറി വായിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല.

SCROLL FOR NEXT