ലോക സിനിമ പ്രേമികളെ എക്കാലവും അത്ഭുതപ്പെടുന്ന ചലച്ചിത്ര പരമ്പരയാണ് 'ജുറാസിക് പാര്‍ക്ക്. കഥകളിലും പാഠപുസ്തകങ്ങളിലും മാത്രം കേട്ട് ശീലിച്ച ദിനോസറുകളെ വെള്ളിത്തിരയിലെത്തിച്ച ഈ ദൃശ്യവിസ്മയത്തിലെ ആദ്യ സിനിമ റിലീസായിട്ട് 31 വര്‍ഷം കഴിഞ്ഞു. പിന്നീടങ്ങോട്ട് പലപ്പോഴായി പല പേരില്‍ ജൂറാസിക് ഫ്രാഞ്ചൈസി സിനിമകള്‍ പുറത്തുവന്നു. പരമ്പരയിലെ ഏഴാമത്തെ ചിത്രം 'ജുറാസിക് വേള്‍ഡ് റീബെര്‍ത്ത്' അണിയറയില്‍ ഒരുങ്ങുകയാണ്. സ്കാർലറ്റ് ജോഹാൻസൺ, ജോനാഥൻ ബെയ്‌ലി, മഹെർഷല അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് യൂണിവേഴ്സല്‍ പിക്ചേഴ്സ് പങ്കുവെച്ചു. ഗാരത് എഡ്വേര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1993-ൽ പുറത്തിറങ്ങിയ 'ജുറാസിക് പാർക്ക് ' ആദ്യഭാഗം എഴുതിയ ഡേവിഡ് കോപ്പാണ് പുതിയ ചിത്രവും എഴുതിയിരിക്കുന്നത്.
2022-ല്‍ പുറത്തിറങ്ങിയ 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍' ആണ് സീരിസില്‍ ഒടുവിലായി റിലീസായ ചിത്രം. ദിനോസറുകള്‍ക്ക് വാസയോഗ്യമല്ലാത്ത ഗ്രഹത്തില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികളും ജൈവമണ്ഡലത്തില്‍ അതിജീവിക്കുന്ന മൂന്ന് ദിനോസറുകള്‍ ജീവന്‍ നിലനിര്‍ത്താന്‍ നടത്തുന്ന പോരാട്ടങ്ങളും പുതിയ സിനിമയുടെ ഇതിവൃത്തമാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. 2025 ജൂലൈ 2ന് 'ജുറാസിക് വേൾഡ് റീബർത്ത്' റിലീസ് ചെയ്യും.