MOVIES

ലതാ മങ്കേഷ്‌കര്‍ ദേശീയ പുരസ്കാരം കെ.എസ് ചിത്രയ്ക്ക്

മധ്യപ്രദേശ് സര്‍ക്കാര്‍ സാംസ്കാരിക വകുപ്പാണ് ലതാ മങ്കേഷ്‍കറുടെ പേരിലുള്ള പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ലതാ മങ്കേഷ്‌കര്‍ ദേശീയ പുരസ്കാരം തെന്നിന്ത്യന്‍ പിന്നണി ഗായിക കെ.എസ് ചിത്രയ്ക്കും സംഗീത സംവിധായകന്‍ ഉത്തം സിങ്ങിനും. 2 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംഗീത ലോകത്തിന് ഇരുവരും നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.

ലതാ മങ്കേഷ്കറുടെ ജന്മദിനമായ സെപ്റ്റംബര്‍ 28ന് ഗായികയുടെ സ്മരണക്കായി മധ്യപ്രദേശ് സർക്കാര്‍ നിര്‍മിച്ച ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. 2022-ലെ പുരസ്കാരം ഉത്തം സിങ്ങിനും 2023-ലെ പുരസ്കാരം കെ.എസ് ചിത്രയ്ക്കും സമ്മാനിക്കുമെന്ന് ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ സംഗീത ഏവം കലാ അക്കാദമി ഡയറക്ടര്‍ ജയന്ത് ഭിസെ പറഞ്ഞു.
കിഷോർ കുമാർ, ആശാ ഭോസ്‌ലെ തുടങ്ങിയവരാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം നേടിയ പ്രമുഖര്‍. 

1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച ലതാ മങ്കേഷ്കര്‍ ഇന്ത്യന്‍ സംഗീത ലോകത്തെ ഏറ്റവും പ്രതിഭാധനയായ ഗായികയായാണ് വിലയിരുത്തുന്നത്. ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങളാണ് ലതാ മങ്കേഷ്കര്‍ ആലപിച്ചിട്ടുള്ളത്. മലയാള സിനിമയായ നെല്ലിലെ 'കദളി കണ്‍കദളി' എന്ന ഗാനമാണ് ലതാജി മലയാളത്തില്‍ ആലപിച്ചിട്ടുള്ള ഏക ഗാനം. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ പുരസ്കാരങ്ങള്‍ അവരെ തേടിയെത്തിയിരുന്നു. 2022 ഫെബ്രുവരി ആറിന് 92-ാം വയസിലാണ് ഇന്ത്യൻ സിനിമയുടെ വാനമ്പാടി ലത മങ്കേഷ്‌കർ വിട പറയുന്നത്.

SCROLL FOR NEXT