MOVIES

രണ്ടാം വരവില്‍ 'കല്‍ക്കി'യുടെ ജനനം ഉണ്ടാകുമോ; KALKI 2898 AD രണ്ടാം ഭാഗം ചിത്രീകരണം എന്ന്?

മഹാഭാരത കഥയിലെ കുരുക്ഷേത്ര ഭൂമിയില്‍ നിന്ന് തുടങ്ങി ലോകാവസാന നാളുകളിലെ കാശി നഗരം വരെ നീളുന്ന കഥയാണ് കല്‍ക്കി പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സിനിമ ലോകം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ വിജയമായിരുന്നു നാഗ് അശ്വിന്റെ സംവിധാനത്തിലെത്തിയ കല്‍ക്കി 2898 എഡി. നിര്‍മാതാക്കളുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1100 കോടിയിലധികം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്ത ചിത്രം മിത്തും ഫിക്ഷനുമൊക്കെ കൂടിചേര്‍ന്നൊരു സാങ്കല്‍പ്പിക ലോകമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. മഹാഭാരത കഥയിലെ കുരുക്ഷേത്ര ഭൂമിയില്‍ നിന്ന് തുടങ്ങി ലോകാവസാന നാളുകളിലെ കാശി നഗരം വരെ നീളുന്ന കഥയാണ് കല്‍ക്കി പറയുന്നത്.

പ്രഭാസ് ഭൈരവ എന്ന ബൗണ്ടി ഫൈറ്ററായും കര്‍ണന്റെ പുനര്‍ജന്മമായും എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അശ്വത്ഥാമാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. കമല്‍ഹാസന്‍ സുപ്രീം യാസ്‌കിന്‍ എന്ന പ്രതിനായക വേഷത്തിലെത്തിയപ്പോള്‍ ദീപിക പദുക്കോണ്‍ സുമതി എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ശോഭന, പശുപതി, അന്ന ബെന്‍ എന്നിവര്‍ക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, എസ്എസ് രാജമൗലി, രാംഗോപാല്‍ വര്‍മ എന്നിവര്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു.

അമ്പരപ്പിക്കുന്ന വിഎഫ്ക്‌സ് രംഗങ്ങള്‍ക്കൊപ്പം സന്തോഷ് നാരായണന്റെ സംഗീതവും ചേര്‍ന്നപ്പോള്‍ മികച്ച ദൃശ്യാനുഭവമാണ് കല്‍ക്കി പ്രേക്ഷര്‍ക്ക് സമ്മാനിച്ചത്. സുപ്രീം യാസ്‌കിന്റെ പിടിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ജന്മമെടുക്കുന്ന കല്‍ക്കിയുടെ വരവുമാണ് സിനിമയുടെ ആദ്യം ഭാഗം പറഞ്ഞ് അവസാനിപ്പിക്കുന്നത്. തിയേറ്റര്‍ വിജയത്തിന് പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ലിക്‌സ് എന്നി ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമയുടെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു.

പിന്നാലെ സിനിമയുടെ രണ്ടാം ഭാഗം എന്ന് വരുമെന്ന ചര്‍ച്ചകളും പ്രേക്ഷകര്‍ക്കിടയില്‍ ആരംഭിച്ചു. സിനിമയുടെ നിര്‍മാതാക്കളായ വൈജയന്തി മൂവീസിന്റെ ഉടമകളായ സ്വപ്ന ദത്തും പ്രിയങ്ക ദത്തും ഇതിനെ കുറിച്ച് അടുത്തിടെ പ്രതികരിച്ചിരുന്നു. കല്‍ക്കി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് 2025-ല്‍ ആരംഭിക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം വീക്കിലായിരുന്നു പ്രതികരണം. ചിത്രീകരണം ആരംഭിച്ചാലെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനാകൂ. ആദ്യഭാഗത്തേ അപേക്ഷിച്ച് ഭയത്തേക്കാള്‍ കൂടുതല്‍ ആവേശമാണ് അനുഭവിക്കുന്നത്. നാഗ് അശ്വിന്റെ വീക്ഷണത്തിലൂടെയായിരുന്നു ആദ്യ ഭാഗത്തില്‍ ഞങ്ങളുടെ യാത്ര. സിനിമ പ്രേക്ഷകര്‍ കാണുംവരെ അതിലെ പലകാര്യങ്ങളും അവര്‍ക്ക് മനസിലാകുമോ എന്ന് ഭയന്നിരുന്നു. നാഗിന്റെ ക്രിയേറ്റിവിറ്റിയെ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ രണ്ടാം ഭാഗം ചെയ്യാന്‍ കൂടുതല്‍ ഊര്‍ജം ലഭിച്ചെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

SCROLL FOR NEXT