തെന്നിന്ത്യന്‍ സിനിമാശാലകളെ ആവേശം കൊള്ളിക്കുന്ന പ്രകടനവുമായി മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡിയെ അഭിനന്ദിച്ച് തമിഴ് ചലച്ചിത്ര താരം രജനീകാന്ത്. ചിത്രം കണ്ട ശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം സിനിമയെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ചത്.
"കല്‍ക്കി കണ്ടു, എന്തൊരു ഇതിഹാസ സിനിമയാണത്. സംവിധായകന്‍ നാഗ് അശ്വിന്‍ ഇന്ത്യന്‍ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. എന്‍റെ പ്രിയ സുഹൃത്തുക്കളായ അശ്വിനി ദത്ത്, അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ എന്നിവര്‍ക്കും കല്‍ക്കി ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കല്‍ക്കിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ"- രജനികാന്ത് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
രജനികാന്തിന്‍റെ അഭിനന്ദനത്തിന് സംവിധായകന്‍ നാഗ് അശ്വിന്‍ മുഴുവന്‍ കല്‍ക്കി ടീമിന്‍റെയും പേരില്‍ നന്ദി പറഞ്ഞു.
പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വൻ കുതിപ്പാണ് നടത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ രണ്ട് ദിവസം കൊണ്ട് 298.5 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്ന് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു.
പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ശോഭന, പശുപതി, ദിഷാ പടാനി, അന്നാ ബെന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാഭാരത കഥയില്‍ നിന്ന് ആരംഭിച്ച് എഡി 2898 ലേക്ക് വളരുന്ന കഥാപശ്ചാത്തലമാണ് കല്‍ക്കിയുടെത്. മികവുറ്റ വിഎഫ്എക്‌സ് രംഗങ്ങളും ക്യാമറയും എഡിറ്റിങ്ങും അടക്കം സാങ്കേതികമായി മികച്ചു നില്‍ക്കുന്ന ദൃശ്യാനുഭവമാണ് കല്‍ക്കി പ്രേക്ഷകന് സമ്മാനിക്കുന്നത്.