MOVIES

'ഞങ്ങള്‍ ഒന്നിച്ചൊരു പടം വരും'; 46 വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്തും കമല്‍ഹാസനും ഒന്നിക്കുന്നു

സൈമ അവാര്‍ഡ് ചടങ്ങിനിടെ അവതാരകന്റെ ചോദ്യത്തിനാണ് കാത്തിരുന്ന ആ മറുപടി ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

രജനീകാന്തും കമല്‍ഹാസനും ഒന്നിച്ചഭനിയിച്ച ഒരു സിനിമ പുറത്തിറങ്ങിയിട്ട് വര്‍ഷം 46 കഴിഞ്ഞു. ഇനി ഒരിക്കല്‍ കൂടി അത് സംഭവിക്കുമോ? ആരാധകരുടേയും സിനിമാ പ്രേമികളുടേയും ചോദ്യങ്ങള്‍ക്ക് ഒടുവില്‍ കമല്‍ ഹാസന്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്, അതേ, അത് സംഭവിക്കും!

സൈമ അവാര്‍ഡ് ചടങ്ങിനിടെ അവതാരകന്റെ ചോദ്യത്തിനാണ് കാത്തിരുന്ന ആ മറുപടി ലഭിച്ചത്. രജനീകാന്തുമൊന്നിച്ചുള്ള ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് വരും എന്നായിരുന്നു ഉലകനായകന്റെ മറുപടി.

ഇതൊരു വലിയ സംഭവമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ല, പക്ഷേ, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അങ്ങനെയാകും. അവര്‍ ഹാപ്പിയായാൽ ഞങ്ങളും ഹാപ്പിയാണ്. മറിച്ചാണെങ്കിൽ, ഇനിയും ശ്രമം തുടരും. ഒരുപാട് നാളായുള്ള കാത്തിരിപ്പാണ്, ഒരു ബിസ്‌കറ്റ് പകുത്ത് കഴിച്ചവരാണ് ഞങ്ങള്‍, രണ്ടു പേര്‍ക്കും വെവ്വേറെ ബിസ്‌കറ്റ് വേണമെന്നായപ്പോള്‍ അങ്ങനെ കഴിച്ചു, ഇപ്പോള്‍ വീണ്ടും ഒരു ബിസ്‌കറ്റ് കഴിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്. ആ പകുതി ബിസ്‌കറ്റില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ്.

ഒരിക്കല്‍ പോലും പരസ്പരം മത്സരിച്ചിട്ടില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അങ്ങനെ കരുതിയതും പ്രചരിപ്പിച്ചതും ഞങ്ങളല്ല. ഒരു മത്സരവും ഞങ്ങള്‍ക്കിടയിലില്ല. എപ്പോഴും ഞങ്ങള്‍ പരസ്പരം സിനിമ നിര്‍മിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

രജനിയുമായി എത്തുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ കമല്‍ഹാസന്‍ പുറത്തുവിട്ടില്ല. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലായിരിക്കും രജനീകാന്തും കമല്‍ ഹാസനും ഒന്നിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

1979 ല്‍ പുറത്തിറങ്ങിയ നിനയ്ത്താലെ ഇനിയ്ക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അതിന് മുമ്പ് അപൂര്‍വ രാഗങ്ങള്‍, മൂണ്ട്ര് മുടിച്ച്, അവര്‍ഗള്‍, പതിനാറ് വയതിനിലെ തുടങ്ങി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

SCROLL FOR NEXT