ഇന്ത്യന്‍ 2 
MOVIES

തിയേറ്ററില്‍ പരാജയം; കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2 ഒടിടിയിലേക്ക്

ആഗോള തിയേറ്റര്‍ കളക്ഷനില്‍ കനത്ത തിരച്ചടി നേരിട്ട ശേഷമാണ് ചിത്രം ഡിജിറ്റല്‍ പ്രീമിയറിന് ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

ബിഗ് ബജറ്റ് സിനിമകളുടെ സംവിധായകന്‍ ശങ്കറും കമല്‍ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ഇന്ത്യന്‍ 2 ഒടിടിയിലേക്ക്. ആഗോള തിയേറ്റര്‍ കളക്ഷനില്‍ കനത്ത തിരച്ചടി നേരിട്ട ശേഷമാണ് ചിത്രം ഡിജിറ്റല്‍ പ്രീമിയറിന് ഒരുങ്ങുന്നത്. തിയേറ്ററിലെ മോശം പ്രകടനം സിനിമയുടെ ഒടിടി റിലീസിനെ പ്രതികൂലമായി ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇന്ത്യന്‍ രണ്ടാം ഭാഗത്തിന്‍റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 9 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും.

കമല്‍ഹാസന്‍ സേനാപതിയെന്ന സ്വാതന്ത്ര്യസമര സേനാനിയുടെ വേഷത്തിലെത്തിയ 1996-ലെ ഇന്ത്യന്‍ അക്കാലത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. അഴിമതിക്കെതിരെ ആയുധമെടുക്കുന്ന കഥാപാത്രത്തിന്‍റെ തിരിച്ചുവരവിനെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ പ്രേക്ഷകരെ വേണ്ടവിധം തൃപ്തിപ്പെടുത്താന്‍ സിനിമയ്ക്ക് സാധിച്ചില്ല എന്നായിരുന്നു പൊതുവെ ഉയര്‍ന്ന പ്രതികരണം.

പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോഗിച്ചുള്ള കമല്‍ഹാസന്‍റെ മേക്കോവറിനും വിവിധ ഗെറ്റപ്പുകള്‍ക്കും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അന്തരിച്ച നടന്മാരായ നെടുമുടി വേണു , വിവേക്, മനോബാല എന്നിവരെ എഐ ഉപയോഗിച്ച് ശങ്കര്‍ പുനസൃഷ്ടിച്ചത് ചര്‍ച്ചയായിരുന്നു. സിനിമയുടെ മൂന്നാം ഭാഗത്തിന്‍റെ ടീസര്‍ കാണിച്ചു കൊണ്ടാണ് ഇന്ത്യന്‍ 2 അവസാനിച്ചത്. 

അനിരുദ്ധാണ് ഇന്ത്യന്‍ 2-ന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, കാജല്‍ അഗര്‍വാള്‍, വിവേക്, ബോബി സിംഹ, നെടുമുടി വേണു, പ്രിയാ ഭവാനി ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. രവി വര്‍മ്മന്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ലൈക പ്രൊഡക്ഷന്‍സും റെഡ് ജയിന്‍റുമാണ് നിര്‍മാതാക്കള്‍.

SCROLL FOR NEXT