MOVIES

കങ്കണയ്ക്ക് ആശ്വാസം; എമര്‍ജന്‍സി ജനുവരിയില്‍ എത്തും

കങ്കണയുടെ ചിത്രം വിവാദങ്ങള്‍ക്കൊടുവിലാണ് റിലീസിന് ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് താരവും എംപിയുമായ കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം 2025 ജനുവരി 17ന് തിയേറ്ററിലെത്തും. കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17നാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും എമര്‍ജന്‍സിക്ക് ക്ലീന്‍ ചിറ്റ് കിട്ടുന്നത്. ഇത് കങ്കണ സമൂഹമാധ്യമം വഴി അറിയിച്ചിരുന്നു. അന്ന് മുതല്‍ ആരാധകര്‍ റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ്.

കങ്കണയുടെ ചിത്രം വിവാദങ്ങള്‍ക്കൊടുവിലാണ് റിലീസിന് ഒരുങ്ങുന്നത്. സിഖ് ഓര്‍ഗനൈസേഷന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരുന്നു. സിഖ്കാരെ മോശമായ രീതിയിലാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ആഗസ്റ്റ് 14നാണ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്. അന്ന് മുതല്‍ വിവാദത്തിലാണ് സിനിമ. പഞ്ചാബില്‍ ചിത്രത്തിനെതിരെ പ്രതിഷേധം നടക്കുകയും സിനിമ ബാന്‍ ചെയ്യണമെന്ന ആവശ്യം ഉയരുകയും ചെയ്തു.

സെന്‍സര്‍ ബോര്‍ഡ് നേരത്തെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ സിഖ്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആളുകള്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് സിഖ്കാരെ മോശമായി ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ സിനിമയുടെ നിര്‍മാതാക്കളും കോടതിയെ സമീപിച്ചിരുന്നു. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നപ്പോള്‍ ബോംബെ ഹൈക്കോടതിയെ ആണ് നിര്‍മാതാക്കള്‍ സമീപിച്ചത്. അതേ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഒരു റിവൈസിങ് കമ്മിറ്റി രൂപീകരിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ചില ഉപാധികള്‍ വെക്കുകയും ചെയ്തു. സിനിമയിലെ ചില സീനുകള്‍ നീക്കം ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.

എമര്‍ജന്‍സിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിനൊപ്പം സിനിമ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT