MOVIES

'1000 അല്ല 2000 കോടി നേടും'; കങ്കുവയെ കുറിച്ച് നിര്‍മാതാവ്

കങ്കുവ നവംബര്‍ 14നാണ് തിയേറ്ററിലെത്തുന്നത്

Author : ന്യൂസ് ഡെസ്ക്


സൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന കങ്കുവ നവംബര്‍ 14നാണ് തിയേറ്ററിലെത്തുന്നത്. ശിവ സംവിധാനം ചെയ്ത ചിത്രം ഒരു എപിക് പിരേഡ് ആക്ഷന്‍ വൈലന്റ് ഡ്രാമയാണ്. ഇപ്പോഴിതാ ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കവെ ചിത്രത്തിന്റെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജ ആഗോള ബോക്‌സ് ഓഫീസില്‍ 2000 കോടി കളക്ട് ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ്. കങ്കുവ തമിഴില്‍ ആദ്യമായി 1000 കോടി കിടക്കുന്ന ചിത്രമായി മാറും. ബാഹുബലി, ആര്‍ആര്‍ആര്‍, കെജിഎഫ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം എത്തുമെന്നും നിര്‍മാതാവ് അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ പ്രതിനായക വേഷമായ ഉദിരനെ അവതരിപ്പിക്കുന്നത് ബോബി ഡിയോളാണ്. സൂര്യയോടൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും, അദ്ദേഹം വലിയ നടനാണെന്നും ബോബി ഡിയോള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ ഏഎന്‍ഐയോട് പറഞ്ഞിരുന്നു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സഹോദരനോടെന്ന പോലെയാണ് തനിക്ക് സൂര്യയെ അനുഭവപ്പെട്ടതെന്നും, അത് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സഹായകമായി എന്നും ബോബി ഡിയോള്‍ കൂട്ടിച്ചേര്‍ത്തു.

ശിവ സംവിധാനം ചെയ്യുന്ന കങ്കുവയില്‍ ദിഷ പഠാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റൂഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ. ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉദ്ദലാപതി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.


SCROLL FOR NEXT