കരണ്‍ ജോഹർ Source : Instagram
MOVIES

"അത് എന്റെ ഡിഎന്‍എയിലുള്ളതാണ്"; 2026ല്‍ ഓള്‍ഡ് ഫാഷന്‍ ഹിന്ദി സിനിമയുമായി എത്തുമെന്ന് കരണ്‍ ജോഹര്‍

'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന റൊമാന്റിക് ഡ്രാമയാണ് കരണ്‍ അവസാനമായി സംവിധാനം ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

2026ല്‍ സംവിധായകന്റെ റോളിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് കരണ്‍ ജോഹര്‍. തന്നോട് പ്രിതിധ്വനിക്കുന്ന ഒരു ഓള്‍ഡ് ഫാഷന്‍ ഹിന്ദി സിനിമ സംവിധാനം ചെയ്യുമെന്ന് കരണ്‍ അറിയിച്ചു. തനിക്ക് അറിയാത്ത ഒരു കൂട്ടം ആളുകളെ പ്രീതിപ്പെടുത്താന്‍ വേണ്ടി തന്റെ വേരുകളില്‍ നിന്ന് ഒളിച്ചോടുന്നത് അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച്ച കരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കടലില്‍ സമയം ചെലവഴിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതോടൊപ്പം കഴിഞ്ഞ വര്‍ഷം സ്വയം ചിന്തിക്കാനുള്ള സമയം കണ്ടെത്തിയതായും ഇത് തന്റെ ജീവിതത്തിന്റെ 2.0 വേര്‍ഷന്റെ തുടക്കം പോലെ തോന്നുന്നു എന്നും അദ്ദേഹം കുറിച്ചു.

"സൂര്യന്‍, കടല്‍, വ്യക്തത. കഴിഞ്ഞ വര്‍ഷം സ്വയം എന്നിലേക്ക് തന്നെ നോക്കി ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള വര്‍ഷമായിരുന്നു. എന്റെ ജീവിതത്തിന്റെ 2.0 പതിപ്പിന്റെ ആരംഭം പോലെയാണ് ഇത് അനുഭവപ്പെടുന്നത്", കരണ്‍ കുറിച്ചു.

"2026 ഞാന്‍ വീണ്ടും സെറ്റിലേക്ക് തിരിച്ചെത്തുന്ന വര്‍ഷമാണ്. ഞാന്‍ എനിക്ക് തന്നെ നല്‍കിയ വാഗ്ദാനമാണിത്. കാരണം അത് എന്റെ സന്തോഷകരമായ സ്ഥലവും എന്റെ ജീവിതവുമാണ്. ഓള്‍ഡ് ഫാഷന്‍ ഹിന്ദി സിനിമകള്‍ ചെയ്യുക അത് എന്റെ ഡിഎന്‍എയിലുണ്ട്. പിന്നെ എന്തിനാണ് ഞാന്‍ അതില്‍ നിന്ന് ഓടി പോകുന്നത്. അല്ലെങ്കില്‍ എനിക്ക് അറിയാത്ത ഒരു കൂട്ടം ആളുകളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തകളുടെ ഒരു മിശ്രിതമായി തോന്നാം. പക്ഷെ എനിക്കിതില്‍ വളരെ വ്യക്തതയുണ്ട്", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. കഭി ഖുശി കഭി ഗം, കുച്ച് കുച്ച് ഹോത്താ ഹെ പോലുള്ള പഴയ കാല സിനിമകള്‍ ചെയ്യൂ. അതാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. കരണ്‍ ജോഹറിന്റെ റൊമാന്‍സ് കഥയ്ക്കായി കാത്തിരിക്കുന്നു എന്നീ തരത്തിലും ആരാധകര്‍ പ്രതികരിച്ചു.

റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന റൊമാന്റിക് ഡ്രാമയാണ് കരണ്‍ അവസാനമായി സംവിധാനം ചെയ്തത്. രണ്‍വീര്‍ സിംഗും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 2023ലാണ് റിലീസ് ചെയ്തത്. ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി നേടിയിരുന്നു. അടുത്തിടെ ചിത്രത്തിന്റെ ദേശീയ പുരസ്‌കാരവും ലഭിച്ചു.

SCROLL FOR NEXT