രാജ്യത്തുടനീളം മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ലാപ്‌ത ലേഡീസ്. ബോക്സോഫീസ് വിചാരിച്ച വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും, ചിത്രം ഒടിടിയിൽ ഇറങ്ങിയതോടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നത്. കിരൺ റാവു ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. കഴിഞ്ഞ ദിവസം ലാപ്‌ത ലേഡീസിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ലഭിച്ചിരുന്നു.
സിനിമയ്ക്കകത്തും പുറത്തുമുള്ളവർ ചിത്രത്തിന്റെ ഈ അംഗീകാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം കരീന കപൂറും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. 'മികച്ച കഥകൾ മികച്ച അംഗീകാരം അർഹിക്കുന്നു' എന്ന് പറഞ്ഞാണ് കരീന കപൂർ ലാപ്‌ത ലേഡീസിനെ പ്രശംസിച്ചത്.
കിരൺ റാവുവും അംഗീകാരത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ കുറിപ്പുമായി എത്തിയിരുന്നു. “ഞങ്ങളുടെ ചിത്രം 'ലാപത ലേഡീസ്' അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ സന്തോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഈ അംഗീകാരം എൻ്റെ മുഴുവൻ ടീമിൻ്റെയും അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമാണ്. എന്റെ ടീമിന്റെ സമർപ്പണവും അഭിനിവേശവുമാണ് ഈ കഥയ്ക്ക് ജീവൻ നൽകിയത്. ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നതിനും അതിരുകൾ ഭേദിക്കുന്നതിനും ശക്തമായ മാധ്യമമാണ് സിനിമ. ഇന്ത്യയിലെ പോലെത്തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ ഈ സിനിമ പ്രതിധ്വനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു". കിരൺ റാവു പറഞ്ഞു.
Read More: മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രീം കോടതിയിലേക്ക്; തടസ ഹര്‍ജിയുമായി അതിജീവിതയും സര്‍ക്കാരും
പ്രതിഭ രന്ത, നിതാൻഷി ഗോയൽ, രവി കിഷൻ, സ്പർഷ് ശ്രീവാസ്തവ എന്നിവരാണ് ലാപ്‌ത ലേഡീസ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമിർ ഖാൻ പ്രൊഡക്ഷൻസ് ആയിരുന്നു ചിത്രത്തിന്റെ നിർമാണം.