കരിക്ക് സ്റ്റുഡിയോസ് ആദ്യ ചിത്രം പ്രഖ്യാപിച്ചു Source: Screenshot / MOVIE ANNOUNCEMENT | KARIKKU
MOVIES

"ഇത് കരിക്കിന്റെ പരിപാടി"; ആദ്യ സിനിമ പ്രഖ്യാപിച്ചു, നിർമാണ പങ്കാളിയായി ഡോ. അനന്തു എന്റർടെയ്ൻമെന്റ്സ്

'അതിരടി' എന്ന ചിത്രത്തിന്റെ സഹനിർമാതാവാണ് ഡോ. അനന്തു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആദ്യ സിനിമ അനൗൺസ് ചെയ്ത് കരിക്ക് സ്റ്റുഡിയോസ്. ഡോ. അനന്തു എന്‍റർടെയ്ൻമെന്റ്സ് ആണ് സിനിമയുടെ സഹനിർമാതാക്കള്‍. സിനിമയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡോ. അനന്തു എന്‍റർടെയ്ൻമെന്റ്സ് നിർമിക്കുന്ന രണ്ടാം ചിത്രമാകും ഇത്. ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന 'അതിരടി' എന്ന ചിത്രത്തിന്റെ സഹനിർമാതാവാണ് ഡോ. അനന്തു. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'അതിരടി' അരുൺ അനിരുദ്ധന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് കരിക്ക് ടീമിന്റെ പുതിയ സംരംഭമായ കരിക്ക് സ്റ്റുഡിയോസുമായി ഡോ. അനന്തു സഹകരിക്കുന്നത്.

കുറച്ചുകാലമായി കരിക്കുമായി സിനിമ ചർച്ചകള്‍ നടക്കുന്നുവെന്ന് ഡോ. അനന്തു എസ് പറഞ്ഞു. "സിനിമ ഉടനെ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഉടനെ ചെയ്യാം, കരിക്കല്ലേ എന്നായിരുന്നു എന്റെ പ്രതികരണം. വേറൊന്നും ആലോചിക്കാനില്ല, സ്ക്രിപ്റ്റ് കൂടി വായിച്ചപ്പോള്‍‌...ഇത് കരിക്കിന്റെ പരിപാടി," അനന്തു പറഞ്ഞു. കൂടെ യാത്ര ചെയ്യാന്‍ പറ്റുന്നവർ എന്ന നിലയിലാണ് കരിക്കിന്റെ ആദ്യ പ്രൊജക്ടില്‍ ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ്സുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് കരിക്ക് സിഇഒ നിഖില്‍ പ്രസാദ് കൂട്ടിച്ചേർത്തു.

തിയേറ്ററുകളിലേക്കും ഒടിടിയിലേക്കുമായി സിനിമാ-സീരീസ് നിർമാണത്തിലേക്ക് ഇറങ്ങുന്നുവെന്ന് അടുത്തിടെയാണ് കരിക്ക് ടീം പ്രഖ്യാപിച്ചത്. ഇത് ലക്ഷ്യമാക്കിയാണ് 'കരിക്ക് സ്റ്റുഡിയോസ്' എന്ന പേരില്‍ പുതിയ സംരംഭം ആരംഭിച്ചത്.

SCROLL FOR NEXT