കരിക്ക് ടീമിന്റെ സിനിമയുടെ പൂജാ ചടങ്ങ് Source: Instagram / nikhilprasaad
MOVIES

ഇനി ബിഗ് സ്ക്രീനിൽ കാണാം! കരിക്ക് ടീമിന്റെ സിനിമയ്ക്ക് തുടക്കം, പൂജ നടന്നു

നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

യൂട്യൂബ് വീഡിയോസിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന കരിക്ക് ടീമിന്റെ ആദ്യ ചിത്രത്തിന് തുടക്കം. സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നു. കരിക്ക് സ്റ്റുഡിയോസും ഡോ. അനന്തു എന്റർടെയ്ൻമെന്റ്സും ചേർന്നാണ് സിനിമയുടെ നിർമാണം.

നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഈ ടീമിന്റെ സ്ഥാപകൻ കൂടിയാണ് നിഖിൽ. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരാണ് 'കരിക്ക്'. ഇവരുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

2018ലാണ് നിഖിൽ പ്രസാദ് ‘കരിക്ക്’ എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചത്. 'തേരാ പാര' എന്ന സീരീസിലൂടെ ഈ ചാനൽ കത്തിക്കയറി. ഇതിന് പിന്നാലെ, നിരവധി ഹിറ്റ് സീരീസുകളുമായി ഇവർ മലയാളികൾക്ക് മുന്നിലേക്ക് എത്തി. ഇവരുടെ ഫെസ്റ്റിവൽ സ്പെഷ്യൽ എപ്പിസോഡുകൾക്ക് പ്രത്യേക ഫാൻ ബേസ് ആണുള്ളത്.

തിയേറ്ററുകളിലേക്കും ഒടിടിയിലേക്കുമായി സിനിമാ-സീരീസ് നിർമാണത്തിലേക്ക് ഇറങ്ങുന്നുവെന്ന് കഴിഞ്ഞ വർഷം അവസാനമാണ് കരിക്ക് ടീം പ്രഖ്യാപിച്ചത്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്.

‘കരിക്ക്’ വെബ് സീരീസുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാകും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുയെന്നാണ് സൂചന. ആനന്ദ് മാത്യൂസ്, അനു കെ. അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.

SCROLL FOR NEXT