കരിക്ക് സ്റ്റുഡിയോസ് ടീം ഡോക്ടർ അനന്തുവിന് ഒപ്പം Source: Screenshot / MOVIE ANNOUNCEMENT | KARIKKU
MOVIES

കരിക്ക് മൂവിയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും; അപ്ഡേറ്റുമായി നിർമാതാവ്

കരിക്ക് സ്റ്റുഡിയോസും ഡോ. അനന്തു എന്റർടെയ്ൻമെന്റ്സും ചേർന്നാണ് സിനിമയുടെ നിർമാണം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: യൂട്യൂബ് വീഡിയോസിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന കരിക്കിന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 20ന് ആരംഭിക്കും. ഇടുക്കിയിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിക്കുന്നത്. കരിക്ക് സ്റ്റുഡിയോസും ഡോ. അനന്തു എന്റർടെയ്ൻമെന്റ്സും ചേർന്നാണ് സിനിമയുടെ നിർമാണം. ഡോക്ടർ അനന്തു തന്നെയാണ് സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടത്. ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന 'അതിരടി' എന്ന ചിത്രത്തിന്റെ സഹനിർമാതാവാണ് അനന്തു.

'അതിരടി' സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് കരിക്ക് ടീമിന്റെ സിനിമയുടെ അപ്ഡേറ്റ് അനന്തു പങ്കുവച്ചത്. "2026ൽ നമ്മുടെ ബാനറിലൂടെ നാല് സിനിമകളാണ് നിർമിച്ച് റിലീസ് ചെയ്യാൻ പോകുന്നത്. അതിൽ ആദ്യ ചിത്രം ബേസിൽ ചേട്ടനുമായി ചേർന്ന് ചെയ്യുന്ന ‘അതിരടി’ ആണ്. 82 ദിവസത്തെ ഷൂട്ടിങ് വിജയകരമായി പൂർത്തിയാക്കി പാക്കപ്പ് കഴിഞ്ഞു. 'അതിരടി' അടിപൊളിയായി തന്നെ വന്നിട്ടുണ്ട്. മെയ് 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.

100 ശതമാനം ഒരു കോളേജ് സിനിമയായിരിക്കും 'അതിരടി'. രണ്ടാമത്തെ ചിത്രം കരിക്ക് മൂവിയാണ്. ഫെബ്രുവരി 20ന് സിനിമയുടെ ഷൂട്ടിങ് ഇടുക്കിയിൽ ആരംഭിക്കും. മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങളുടെ അനൗൺസ്മെന്റും ഉടൻ ഉണ്ടാകും. സന്തോഷം," എന്നാണ് അനന്തു കുറിച്ചത്.

തിയേറ്ററുകളിലേക്കും ഒടിടിയിലേക്കുമായി സിനിമാ-സീരീസ് നിർമാണത്തിലേക്ക് ഇറങ്ങുന്നുവെന്ന് കഴിഞ്ഞ വർഷം അവസാനമാണ് കരിക്ക് ടീം പ്രഖ്യാപിച്ചത്. ഇത് ലക്ഷ്യമാക്കിയാണ് 'കരിക്ക് സ്റ്റുഡിയോസ്' എന്ന പേരില്‍ പുതിയ സംരംഭം ആരംഭിച്ചത്. അനു കെ അനിയൻ, ശബരീഷ് സജിൻ, ജീവൻ മാമ്മൻ സ്റ്റീഫൻ, ആനന്ദ് മാത്യൂസ്, ജോർജ് കോര എന്നിങ്ങനെ കരിക്കിന്റെ വീഡിയോസില്‍ തിളങ്ങി നിന്ന അഭിനേതാക്കള്‍ ആദ്യ സിനിമയിലും ഉണ്ടാകാനാണ് സാധ്യത. കരിക്കിന്റെ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

SCROLL FOR NEXT