MOVIES

പാടി അഭിനയിച്ച് നേടിയ സംസ്ഥാന പുരസ്കാരം; കവിയൂര്‍ പൊന്നമ്മയെന്ന ഗായിക

1972ല്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം നേടുമ്പോള്‍, ഗായികയെന്ന നിലയില്‍ കൂടി പൊന്നമ്മ അംഗീകരിക്കപ്പെടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്



സംഗീത വഴിയില്‍നിന്നാണ് കവിയൂര്‍ പൊന്നമ്മ അഭിനയരംഗത്തേക്ക് എത്തുന്നത്. അഞ്ച് വയസ് മുതല്‍ സംഗീതം അഭ്യസിച്ചിരുന്ന പൊന്നമ്മയ്ക്ക് വെച്ചൂർ എസ് ഹരിഹര സുബ്രഹ്മണ്യയ്യരും,എൽ.പി.ആർ. വർമയുമായിരുന്നു ഗുരുക്കന്മാര്‍. പതിനാലാമത്തെ വയസിലാണ് കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം തുടങ്ങുന്നത്. പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആര്‍ട്ടിസ്റ്റിന്റെ നാടകങ്ങളില്‍ ഗായികയായിട്ടായിരുന്നു തുടക്കം. പിന്നീട് കെ.പി.എ.എസി ഉള്‍പ്പെടെ സമിതികളിലും ഏതാനും സിനിമകളിലും പൊന്നമ്മയെന്ന ഗായികയെ കണ്ടു. വളരെ ചുരുക്കം ഗാനങ്ങളെ അവര്‍ പാടിയിട്ടുള്ളൂവെങ്കിലും, അതെല്ലാം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. 1972ല്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം നേടുമ്പോള്‍, ഗായികയെന്ന നിലയില്‍ കൂടി പൊന്നമ്മ അംഗീകരിക്കപ്പെടുകയായിരുന്നു.

1961ല്‍ ഡോക്ടര്‍ എന്ന നാടകത്തിനുവേണ്ടിയാണ് ആദ്യം പാടുന്നത്. അതിലെ പൂക്കാരാ... പൂക്കാരാ... കൈക്കുമ്പിളില്‍ നിന്നൊരു പൂ തരുമോ... എന്ന ഗാനം ഏറെ പ്രശസ്തമാണ്. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ജി. ദേവരാജനാണ് ഈണമിട്ടത്. അള്‍ത്താര, ആദ്യമായി അഭിനയിച്ച മൂലധനം എന്നീ നാടകങ്ങള്‍ക്കായും പൊന്നമ്മ പാടി. മുൾച്ചെടിക്കാട്ടിൽ പിറന്നു ഞാൻ..., പൊട്ടിച്ചിരിച്ചു ഞാൻ എങ്കിലുമെൻ മനം... പൊട്ടിക്കരയുകയായിരുന്നു...., മണ്ണിൽ പിറന്ന ദേവകന്യകേ..., വള വള വളേയ്.. വള വേണോ വള വേണോ... , സി.ഒ ആന്റോയ്ക്കൊപ്പം പാടിയ ഒരു വഴിത്താരയിൽ... എന്നിങ്ങനെ ഒ.എന്‍.വി കുറുപ്പ്-ജി. ദേവരാജന്‍ കൂട്ടുകെട്ടിലെ അഞ്ച് ഗാനങ്ങളാണ് അള്‍ത്താരയില്‍ പാടിയത്. മൂലധനത്തില്‍ സൽക്കലാ കന്യകേ...., ഓണപ്പൂവിളിയിൽ ഊഞ്ഞാല്‍പാട്ടുകളില്‍... എന്നിങ്ങനെ രണ്ട് പാട്ടുകളാണ് പാടിയത്. വരികള്‍ഒ.എന്‍.വി കുറുപ്പും സംഗീതം ജി. ദേവരാജനുമായിരുന്നു.

നാഗവള്ളി ആര്‍.എസ് കുറുപ്പിന്റെ രചനയില്‍ എം. കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ 1963ല്‍ പുറത്തിറങ്ങിയ കാട്ടുമൈന എന്ന ചിത്രത്തിനായാണ് വെള്ളിത്തിരയില്‍ പൊന്നമ്മ പാടിയത്. കാവിലമ്മേ കരിങ്കാളീ.. കാത്തുതുണയ്ക്കണമേ.. എന്ന ഗാനം കമുകറ പുരുഷോത്തമൻ, കെപിഎസി ഗ്രേസി എന്നിവര്‍ക്കൊപ്പമാണ് പാടിയത്. തിരുനയിനാര്‍ കുറിച്ചി മാധവന്‍നായരുടെ വരികള്‍ക്ക് ബ്രദർ ലക്ഷ്മണായിരുന്നു സംഗീതം. 1972ല്‍ തീര്‍ത്ഥയാത്ര എന്ന ചിത്രത്തിലും പാടി. ചിത്രത്തിലെ ഏറെ പ്രശസ്തമായ അംബികേ ജഗദംബികേ എന്ന ഭക്തിഗാനമാണ് മാധുരിക്കും വസന്തയ്ക്കുമൊപ്പം പൊന്നമ്മ പാടിയത്. ശാരദയ്ക്കായി പി. സുശീല പാടിയപ്പോള്‍, സ്വന്തം ശബ്ദത്തില്‍ പാടി അഭിനയിച്ചാണ് പൊന്നമ്മ സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയത്. വി.ടി. നന്ദകുമാര്‍ കഥയും തിരക്കഥയുമെഴുതി എ. വിന്‍സന്റ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെഴുതിയത് പി. ഭാസ്കരനായിരുന്നു. സംഗീതം എ.ടി ഉമ്മറും.

1973ല്‍ പുറത്തിറങ്ങിയ ധര്‍മ്മയുദ്ധം എന്ന ചിത്രത്തില്‍ മംഗലാം കാവിലെ മായാഗൗരിക്ക് എന്ന ഗാനവും പൊന്നമ്മ പാടി. പി. ഭാസ്കരന്റെ വരികള്‍ക്ക് ഈണമിട്ടത് ജി. ദേവരാജനായിരുന്നു. വി.ടി നന്ദകുമാറിന്റെ രചനയില്‍ എ. വിന്‍സന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ പി മാധുരി, പി ജയചന്ദ്രൻ എന്നിവര്‍ക്കൊപ്പമായിരുന്നു പൊന്നമ്മ പാടി അഭിനയിച്ചത്. നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളം പാട്ടുകളാണ് പൊന്നമ്മ പാടിയത്. മറ്റുള്ളവരുടെ പാട്ടിന് ചുണ്ടനക്കുമ്പോഴും, പൊന്നമ്മയിലെ ഗായികയെ കൂടി വെള്ളിത്തിരയില്‍ നമുക്ക് കാണാനാകുമായിരുന്നു. സ്വയം പാടി അഭിനയിക്കുകയാണോ എന്ന് തോന്നുന്ന വിധത്തിലായിരുന്നു ഗാനരംഗങ്ങളില്‍ പൊന്നമ്മ പ്രത്യക്ഷപ്പെട്ടിരുന്നത്.

SCROLL FOR NEXT