തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'യൂത്ത്' വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ആയി 11 ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. 50.26 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ.
കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19ന് പ്രദർശനം ആരംഭിച്ച 'യൂത്ത്' വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റർടെയ്‌നർ ആണെന്നതാണ്.
സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. നായകനായ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ ഏറെ രസകരമാക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് നായികയായി എത്തുന്നത്. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമിച്ചിരിക്കുന്നത് പാർവത എന്റർടെയ്‌മെന്റ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക്- ജി.വി. പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്)