മെയ് മാസം കേരള ബോക്സ് ഓഫീസിൽ റിലീസ് ചാകരയാണ്. കൈനിറയെ ചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ മുതൽ യുവതാരങ്ങൾ അണിനിരക്കുന്ന സിനിമകൾ വരെയുണ്ട്. ഇതിൽ പല ചിത്രങ്ങളും മലയാള സിനിമാ ഇൻഡസ്ട്രി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവയാണ്. മെയ് മാസം റീലിസ് പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.
പേട്രിയറ്റ്
റിലീസ് തീയതി - മെയ് ഒന്ന്
മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. സ്പൈ-ആക്ഷൻ ത്രില്ലറാകും സിനിമ എന്നാണ് സൂചന.
ദൃഢം
റിലീസ് തീയതി - മെയ് എട്ട്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് വേഷത്തിൽ വീണ്ടും എത്തുന്ന ചിത്രമാണ് 'ദൃഢം'. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ്.
അതിരടി
റിലീസ് തീയതി - മെയ് 14
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പക്കാ മാസ് എന്റർടെയ്‌നർ ആണ് 'അതിരടി'. അരുൺ അനിരുദ്ധൻ ആണ് സംവിധാനം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് 'അതിരടി'യുടെ നിർമാണം. 'സർവം മായ' എന്ന നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധേയയായ റിയ ഷിബുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
മോളിവുഡ് ടൈംസ്
റിലീസ് തീയതി - മെയ് 14
നസ്‌ലൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് 'മോളിവുഡ് ടൈംസ്' നിര്‍മിക്കുന്നത്. രാമു സുനിലാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം.
കറുപ്പ്
റിലീസ് തീയതി - മെയ് 14
സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'കറുപ്പ്’. ആർജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. രണ്ട് പതിറ്റാണ്ടിനു ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി, മൻസൂർ അലി ഖാൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ദൃശ്യം 3
റിലീസ് തീയതി - മെയ് 21
ജീത്തു ജോസഫ്-മോഹൻലാൽ കോമ്പോയിൽ എത്തുന്ന 'ദൃശ്യം 3'ക്ക് വേണ്ടി ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ആദ്യ ഭാഗം പോലെ ഇമോഷണൽ ത്രില്ലർ ആയിരിക്കും സിനിമ എന്നാണ് സൂചന. ജോർജ് കുട്ടിയുടേയും കുടുംബത്തിന്റേയും കഥ പറയുന്ന 'ദൃശ്യം 3' ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.
റിലീസീന് മുമ്പ് തന്നെ 350 കോടി രൂപാ പ്രീ ബിസിനസ് നേടിയ പ്രാദേശിക ഭാഷാ ചിത്രമെന്ന ഖ്യാതിയോടെയാണ് 'ദൃശ്യം3' തിയേറ്ററുകളിലേക്ക് എത്തുന്നത്. 'ദൃശ്യം' ഹിന്ദി പതിപ്പുകളുടെ നിർമാതാക്കളായ പനോരമാ സ്റ്റുഡിയോസാണ് സിനിമയുടെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
വരവ്
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'വരവ്'. ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ ഒറ്റയാൾ പോരാട്ടത്തിന്റെ സാഹസിക കഥയാണ് ചിത്രം പറയുന്നത്. 'ഗെയിം ഓഫ് സർവൈവൽ' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ് ആക്ഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. എ.കെ. സാജൻ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമാണം. ജോജുവിനൊപ്പം വാണി വിശ്വനാഥും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കാട്ടാളൻ
ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാട്ടാളൻ'. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് നിർമാണം. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് 'ബിഗ് ബി', 'ചാപ്പ കുരിശ്', 'മുന്നറിയിപ്പ്', 'ചാർലി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദും.