മമ്മൂട്ടി, ഉർവശി, പാർവതി, പൃഥ്വിരാജ് 
MOVIES

മമ്മൂട്ടിയും പൃഥ്വിരാജും, ഒപ്പം പാര്‍വതിയും ഉര്‍വശിയും; കടുത്ത മത്സരമെന്ന് റിപ്പോര്‍ട്ട്

മിക്ക വിഭാഗങ്ങളിലും മുതിര്‍ന്നവരും പുതിയ തലമുറയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള സ്‌ക്രീനിങ് പുരോഗമിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മത്സരം പുതിയ തലമുറയും മുതിര്‍ന്നവരും തമ്മിലാണ്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, തുടങ്ങി മിക്ക വിഭാഗങ്ങളിലും മുതിര്‍ന്നവരും പുതിയ തലമുറയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സൂചന.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. ആടുജീവിതം, കാതല്‍ എന്നീ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സരം. ഇവര്‍ക്ക് പുറമെ പുതുമുഖ താരങ്ങളും മികച്ച നടന്‍ എന്ന വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.

160 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്നത്. ഓഗസ്റ്റ് 20നുള്ളില്‍ അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. ജൂറിയുടെ ആദ്യഘട്ട അവാര്‍ഡ് നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരിക്കുന്ന 160 സിനിമകള്‍ 84 എണ്ണം പുതുമുഖ സംവിധായകരുടെതാണ്. മമ്മൂട്ടിയുടെ രണ്ട് സിനിമകളും മോഹന്‍ലാലിന്റെ ഒരു സിനിമയും മത്സരിക്കുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍ ദ് കോര്‍', റോബി വര്‍ഗീസ് രാജിന്റെ 'കണ്ണൂര്‍ സ്‌ക്വാഡ്' എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. ജിത്തു ജോസഫിന്റെ 'നേര്' ആണ് മോഹന്‍ലാലിന്റെ ചിത്രം. ബ്ലെസിയുടെ 'ആടുജീവിത'മാണ് പൃഥ്വിരാജിന്റെ ചിത്രം. ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിച്ച ക്രിസ്റ്റോ ടോമിയുടെ 'ഉള്ളൊഴുക്ക്' എന്ന സിനിമയും മത്സരത്തിനുണ്ട്.

മത്സരിക്കുന്ന സിനിമകളില്‍ നിന്നും 30 ശതമാനം മാത്രമാണ് രണ്ടാം ഘട്ട മത്സരത്തിലേക്ക് കടക്കുക. രണ്ട് പ്രാഥമിക സമിതികളാണ് സിനിമകള്‍ കാണുന്നത്. 80 സിനിമകളില്‍ നിന്നുള്ള 30 സിനിമകള്‍ അന്തിമ ജൂറി വിലയിരുത്തും. അതിന് ശേഷമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.


SCROLL FOR NEXT