സുധീര്‍ മിശ്ര 
MOVIES

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; സുധീര്‍ മിശ്ര ജൂറി ചെയര്‍മാന്‍, ലിജോ ജോസ് പെല്ലിശേരിയും ജൂറിയില്‍

സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരാണ് പ്രാഥമിക വിധി നിർണ സമിതിയുടെ ചെയർമാന്മാർ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയെ തിരഞ്ഞെടുത്തു. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. ദേശീയ അവാർഡ് നേടിയ ചിത്രം ധാരാവിയും അടിയന്തരാവസ്ഥ കാലത്തെ മൂന്ന് ആദർശവാദികളായ യുവാക്കളുടെ കഥ പറയുന്ന 2003-ൽ പുറത്തിറങ്ങിയ ഹസാരോൺ ഖ്വയ്‌ഷെയിൻ ഐസി എന്ന ചിത്രവും വലിയ ചർച്ചയ്ക്ക് തിരികൊളുത്തിയിരുന്നു. ഫ്രഞ്ച് സർക്കാർ 2010-ൽ ഷെവലിയർ ഓഫ് ദി ഓർഡ്രെ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് നൽകി അദ്ദേഹത്തെ ആദരിച്ചു.

സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരാണ് പ്രാഥമിക വിധി നിർണ സമിതിയുടെ ചെയർമാന്മാർ. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാന്‍ എന്‍.എസ്. മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവരും ജൂറി അംഗങ്ങളാണ്. ഛായാഗ്രാഹകൻ പ്രതാപ് വി നായർ, എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരായ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, മാളവിക ബിന്നി, സൗണ്ട് റെക്കോർഡിസ്റ്റ് സി ആർ ചന്ദ്രൻ എന്നിവരും പ്രാഥമിക വിധി നിർണ സമിതിയിലില്‍ അംഗങ്ങളാണ്.

ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ ജാനകി ശ്രീധരൻ സിനിമയുമായി ബന്ധപ്പെട്ട രചനകൾക്കുള്ള അവാർഡ് ജൂറി അധ്യക്ഷയാകും. ചലച്ചിത്ര നിരൂപകൻ ജോസ് കെ മാനുവൽ, എഴുത്തുകാരൻ ഒ കെ സന്തോഷ് എന്നിവർ അംഗങ്ങളായിരിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എല്ലാ പാനലുകളിലും മെമ്പർ സെക്രട്ടറിയായിരിക്കും. ആകെ 160 ചിത്രങ്ങളാണ് അവാർഡിനായി സമർപ്പിച്ചിരിക്കുന്നത്. ജൂലൈ 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

SCROLL FOR NEXT