സംസ്ഥാന ചലച്ചിത്ര പുരസ്കാരം  
MOVIES

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2025: മമ്മൂട്ടിയോ ആസിഫ് അലിയോ, ആരാകും മികച്ച നടന്‍? പ്രഖ്യാപനം ഓഗസ്റ്റില്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച്ച പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സമൂഹമാധ്യമത്തില്‍ ആരായിരിക്കും ഇത്തവണ പുരസ്‌കാര ജേതാക്കളാവുക എന്ന ചര്‍ച്ചകള്‍ സജീവമാണ്. മികച്ച നടനായി ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ആരാധകര്‍. അതോടൊപ്പം തന്നെ 2024-ല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ആസിഫ് അലിക്കും പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്.

2023ല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആസിഫ് അലിയെ സംബന്ധിച്ച് തലവന്‍, അഡിയോസ് അമീഗോ, ലെവല്‍ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ താരത്തിന് പുരസ്‌കാരത്തിനുള്ള സാധ്യത കൂട്ടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആസിഫ് അലിക്ക് അദ്ദേഹത്തിന്റെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ വര്‍ഷം ലഭിക്കും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം ഓഗസ്റ്റ് ഒന്നിനാണ് 71-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഉര്‍വശിക്കും വിജയരാഘവനും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതത്തെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ദേശീയ പുരസ്‌കാര ജൂറിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

SCROLL FOR NEXT