'ഡീയസ് ഈറെ' എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ Source: X
MOVIES

"ഇതൊരു ഹൊറർ സിനിമയാണ്, ദയവായി അനാവശ്യ ബഹളങ്ങളുണ്ടാക്കരുത്"; ഇങ്ങനെ ഒരു അറിയിപ്പും കാണിക്കേണ്ട നിലയില്‍ തിയേറ്ററുകൾ എത്തിയോ?

രാഹുല്‍ സദാശിവന്റെ 'ഡീയസ് ഈറെ' ആദ്യ ദിനം മാത്രം അഞ്ച് കോടിക്ക് അടുത്താണ് ഇന്ത്യയിൽ നിന്ന് നേടിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ് രാഹുല്‍ സദാശിവന്റെ ഹൊറർ ത്രില്ലർ 'ഡീയസ് ഈറെ'. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെയും ജിബിന്‍ ഗോപിനാഥിന്റെയും പ്രകടനത്തെ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതേസമയം, നിറഞ്ഞ സദസില്‍ പ്രദർശിപ്പിക്കുന്ന സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്ന തരത്തില്‍ പെരുമാറുന്നവരേയും തിയേറ്റുകളില്‍ കാണാം.

അനാവശ്യ കമന്റുകള്‍ പറഞ്ഞും അനവസരങ്ങളില്‍ വിചിത്ര ശബ്ദങ്ങളുണ്ടാക്കിയും രസംകൊല്ലികളാകുന്നവർ ഇന്ന് തിയേറ്ററുകളില്‍ പതിവ് കാഴ്ചയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങൾ എത്തുമ്പോള്‍ ദൃശ്യങ്ങള്‍ പകർത്താൻ മൊബൈൽ ഫ്ലാഷ് ഓണ്‍ ആക്കുന്നവരേയും കാണാം. തിയേറ്ററുകള്‍ പാലിക്കേണ്ട മര്യാദകള്‍ പലരും പാലിക്കുന്നതായി കാണുന്നില്ല. ഇത് മറ്റ് പ്രേക്ഷകരുടെ ആസ്വാദനത്തെയും സിനിമകളേയും സാരമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ഹൊറർ ഴോണറില്‍ ഇറങ്ങുന്ന സിനിമകളെ. ഈ സാഹചര്യത്തില്‍, ലഹരി പദാർഥങ്ങളുടെ ഉപയോഗം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയ്ക്ക് എതിരെയുള്ള അറിയിപ്പിന് സമാനമായി ഒരു പുതിയ മുന്നറിയിപ്പ് നോട്ടീസ് കൂടി പുറത്തിറക്കിയിരിക്കുകയാണ് തിയേറ്റർ ഉടമകൾ. ഹൊറർ സിനിമകൾ പ്രദർശിപ്പിക്കുന്ന സ്‌ക്രീനുകളിലാകും ഈ അറിയിപ്പ് വരിക.

'ഇതൊരു ഹൊറർ സിനിമയാണ്. ദയവായി അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കി ചിത്രത്തിന്റെ ശരിയായ ആസ്വാദനം തടസപ്പെടുത്തരുത്', എന്ന കാർഡാകും സിനിമ തുടങ്ങും മുന്‍പ് തിയേറ്ററുകളില്‍ കാണിക്കുക.

അതേസമയം, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' ആദ്യ ദിനം മാത്രം അഞ്ച് കോടിക്ക് അടുത്താണ് ഇന്ത്യയിൽ നിന്ന് കളക്ഷൻ നേടിയത്. 4.50 കോടി രൂപയാണ് സിനിമയുടെ ആദ്യ ദിന കളക്ഷൻ. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷം രൂപയിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT