തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. നെസ്ലിന്‍ നായകനാകുന്ന ചിത്രം ബോക്‌സിംഗിനെ കുറിച്ചുള്ള ഒരു സ്‌പോര്‍ട്ട്‌സ് സിനിമയാണ്. ഇപ്പോഴിതാ ചിത്രം വെറും ഇടി പടമല്ലെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖാലിദിന്റെ പ്രതികരണം.
ഖാലിദ് റഹ്‌മാന്‍ പറഞ്ഞത് :
ആദ്യമായിട്ടാണ് ബോക്സിങ് ജോണറില്‍ മലയാളത്തില്‍ ഒരു സിനിമ വരുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടുപേര്‍ തമ്മില്‍ തല്ലുപിടിക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്ത ആരുമില്ല. തല്ലുമാലയില്‍ കുറേപേര്‍ തല്ലുപിടിക്കുന്നതാണ് കാണിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് തല്ലുപിടിക്കുന്നത്. പിന്നെ ഇതൊരു സ്പോര്‍ട്ടാണ്. അല്ലാതെ വെറുമൊരു തല്ലുപിടുത്തമായി കാണരുത്. പോയിന്റുകള്‍ക്ക് വേണ്ടി മാത്രം മത്സരിക്കുന്നതാണ്. പരിക്കേല്‍പ്പിക്കാനോ രക്തം ചൊരിയിക്കാനോ വേണ്ടിയല്ല ഫൈറ്റ് ചെയ്യുന്നത്. പോയിന്റിന് വേണ്ടി മാത്രം മത്സരിക്കുന്ന സ്പോര്‍ട്ടാണ് ബോക്സിങ്.
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സ്പോര്‍ട്ടാണ് ബോക്സിങ്. പണ്ടുമുതലേ ഞാന്‍ സ്പോര്‍ട്സ് ഫോളോ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഒരു സ്പോര്‍ട്സ് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ആലോചന വന്നപ്പോള്‍ എന്തുകൊണ്ട് ബോക്സിങ് ചെയ്തുകൂടെന്ന് ചിന്തിച്ചു, ജിംഖാന എന്ന വാക്കിന് ബോക്സിങുമായി ഒരു ബന്ധവും ഇല്ലെന്നും കായിക ഇനങ്ങള്‍ക്ക് വേണ്ടി ഒത്തുകൂടുന്ന സ്ഥാനം എന്ന അര്‍ത്ഥമേയുള്ളൂ.
ചിത്രത്തില്‍ നെസ്ലിന് പുറമെ ഗണപതി, ലുക്മാന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്.