Image: Instagram  
MOVIES

കിയാര-സിദ്ധാര്‍ത്ഥ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു; ആശംസകളറിയിച്ച് ആരാധകര്‍

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിക്കും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു. ഫെബ്രുവരി മാസത്തിലാണ് ഗര്‍ഭിണിയാണെന്ന് ദമ്പതികള്‍ അറിയിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഞ്ഞ് ജനിച്ച കാര്യം കിയാരയോ സിദ്ധാര്‍ത്ഥോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഗിര്‍ഗോണിലെ എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലായിരുന്നു പ്രസവം. ഓഗസ്റ്റില്‍ കുഞ്ഞ് ജനിക്കുമെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

2023 ഫെബ്രുവരിയിലായിരുന്നു കിയാര-സിദ്ധാര്‍ത്ഥ് വിവാഹം. ജയ്‌സാല്‍മേറിലെ സുര്യഘട്ട് പാലസില്‍ വെച്ചായിരുന്നു വിവാഹം. 2019 മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കിയാരയോ സിദ്ധാര്‍ത്ഥോ ഇതില്‍ പരസ്യപ്രതികരണം നടത്തിയിരുന്നില്ല.

2021 ല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ഷേര്‍ഷാ പുറത്തിറങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചത്. 2022 ല്‍ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ഡേറ്റിങ്ങിനെ കുറിച്ചുള്ള സൂചനയും താരങ്ങള്‍ നല്‍കി.

ഈ വര്‍ഷം ഓഗസ്റ്റ് 15 ന് പുറത്തിറങ്ങാനിരിക്കുന്ന വാര്‍ 2 ആണ് കിയാരയുടെ അടുത്ത ചിത്രം. ജാന്‍വി കപൂറിനൊപ്പം സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന പരം സുന്ദരിയും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

SCROLL FOR NEXT