MOVIES

കൊണ്ടല്‍ ഒടിടി റിലീസ്; ആന്റണി വര്‍ഗീസ് ചിത്രം ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കും

ഈ ചിത്രത്തിന്റെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തിയ കൊണ്ടല്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ഒക്ടോബര്‍ 13 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. എആര്‍എം, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്ത കൊണ്ടലിന് തിയേറ്ററില്‍ വലിയ വിജയം നേടാനായിരുന്നില്ല. ഒടിടിയില്‍ എത്തുന്നതോടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടല്‍' വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മിച്ചത്. ഈ ചിത്രത്തിന്റെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനുളില്‍ ഒരു ബോട്ടില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ബോട്ടില്‍ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയില്‍ വെച്ചുള്ള സംഘട്ടനവും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ആന്റണി വര്‍ഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീര്‍ കല്ലറക്കല്‍, രാഹുല്‍ രാജഗോപാല്‍, നന്ദു, ശരത് സഭ, ഗൗതമി നായര്‍, അഭിരാം, മണികണ്ഠന്‍ ആചാരി, പ്രമോദ് വെളിയനാട് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകന്‍ അജിത്തും റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നയ്ക്കല്‍ എന്നിവരും ചേര്‍ന്നാണ്. സംഗീതം- സാം സി എസ്, ഛായാഗ്രഹണം- ദീപക് ഡി മേനോന്‍, എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്.

SCROLL FOR NEXT